Powered by Blogger.

Thursday 23 May 2013

ഓരോ വീട്ടിലും ഒരാണ്ടന്‍ മുരിങ്ങ



ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.

കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.

വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.

നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം. മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.

പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.

ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.

ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി.

വീണാറാണി  കൃഷി ഓഫീസര്‍, കിനാനൂര്‍ - കരിന്തളം
veena4raghavan@gmail.com
കടപ്പാട്: മാതൃഭൂമി

ഇത് മുരിങ്കാപ്പാക്കം

മുരിങ്ങയിലയും കായും പൂവുമൊക്കെ നമ്മുടെ ഇഷ്ടവിഭവങ്ങളാണല്ലോ. ഔഷധഗുണംകൂടിയുള്ള മുരിങ്ങ കേരളത്തിലെ എത്ര വീടുകളില്‍ കാണാന്‍ കഴിയും. എന്നാല്‍, ധനികനും ദരിദ്രനും എന്ന ഭേദമില്ലാതെ മുഴുവന്‍ വീടുകളിലും ഒരു മുരിങ്ങാമരമെങ്കിലും നിര്‍ബന്ധമായും വെച്ചിട്ടുള്ള ഗ്രാമം പോണ്ടിച്ചേരിയിലുണ്ട്. പോണ്ടിച്ചേരി ടൗണില്‍നിന്ന് ഏകദേശം മൂന്നു കി.മീ. തെക്കുഭാഗത്തായുള്ള ഗ്രാമമാണ് പേരില്‍പ്പോലും മുരിങ്ങയെ സ്‌നേഹിക്കുന്ന മുരിങ്കാപ്പാക്കം. മൂന്നും നാലും സെന്റില്‍ ചെറിയ വീടുവെക്കുന്നവര്‍പോലും ഒരു മുരിങ്ങ നടാന്‍ വേണ്ടി അല്പസ്ഥലം കോണ്‍ക്രീറ്റിടാതെ വെച്ചിരിക്കുന്നു. പുറമ്പോക്കുകളിലും റോഡരികിലുമെല്ലാം നിറയെ കായ്ച്ചുനില്‍ക്കുന്ന മുരിങ്ങാമരങ്ങള്‍ നല്‍കുന്ന ദൃശ്യവിരുന്ന് അതിമനോഹരമാണ്.

ഇ.കെ.ഗോവിന്ദന്‍

Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List