Powered by Blogger.

Sunday 30 September 2012

ന്യൂട്രിനോയെ ആര്‍ക്കാണ് പേടി?

ന്യൂട്രിനോപ്പേടി കേരളത്തില്‍ പടരുകയാണ്. പശ്ചിമഘട്ടത്തിന്‍െറ കിഴക്കേ ചരിവില്‍, തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള തേവാരത്തെ പൊട്ടിപ്പുറത്തുനിന്ന് തുടങ്ങി, 2.4 കി.മീ. നീളത്തില്‍ പശ്ചിമഘട്ടത്തിനുള്ളിലേക്ക് ഒരു ടണല്‍ തുരന്ന്, ഉപരിതലത്തില്‍നിന്ന് 1.3 കിലോമീറ്ററോളം താഴെ ഒരു വലിയ ന്യൂട്രിനോ നിരീക്ഷണ നിലയം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് പേടിക്കു കാരണം. അമേരിക്കയിലെ പേരുകേട്ട ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബുമായി സഹകരിച്ചാണ് ഗവേഷണം നടക്കുകയെന്നത് പേടി പ്രബലമാക്കുന്നു.
പ്രതിപക്ഷ നേതാവിന്‍െറ വാര്‍ത്താസമ്മേളനത്തോടെയാണ് ഇതിന്‍െറ തുടക്കം. പേടിപ്പിക്കുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിന്‍െറ അതിരില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാര്യങ്ങള്‍ വേണ്ടത്ര സുതാര്യമല്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രദേശത്തിനു കീഴെ, ഭൂചലനങ്ങള്‍ ഇടക്കിടെ സംഭവിക്കുന്ന മേഖലയില്‍ പാറപൊട്ടിച്ച് ടണല്‍ നിര്‍മിക്കുന്നത് അപകടകരമാണ് എന്നിങ്ങനെ, ആര്‍ക്കും അവഗണിക്കാനാകാത്ത കാര്യങ്ങളേ അദ്ദേഹം പറഞ്ഞുള്ളൂ.
തുടര്‍ന്ന്, മാധ്യമങ്ങളിലൂടെ ചില ‘ശാസ്ത്രജ്ഞര്‍’ ഉന്നയിച്ചത് കടുത്ത ആരോപണങ്ങളാണ്. അമേരിക്കയുമായി സഹകരിച്ചുള്ള പരീക്ഷണങ്ങളായതുകൊണ്ട് ഇതിന്‍െറ ആത്യന്തിക ലക്ഷ്യം യുദ്ധതന്ത്രപരമാണ്. അത്യധികം ഊര്‍ജമുള്ളതും തീവ്ര പ്രതിപ്രവര്‍ത്തനശേഷിയുള്ളതുമായ ന്യൂട്രിനോകളെ സംയോജിപ്പിച്ച് ബീമുകളാക്കി ഭൂമിക്കുള്ളിലൂടെ മറുഭാഗത്തേക്കയച്ച് ശത്രുക്കളുടെ അണുബോംബുകളെ തകര്‍ക്കാനും ഗുഹകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ബിന്‍ലാദിന്മാരെപ്പോലും കൊല്ലാനും ഒക്കെയുള്ള ശേഷി നേടുകയാണ് ലക്ഷ്യം - ഇതൊക്കെയാണ് അവരുടെ ആരോപണങ്ങള്‍.
മറ്റൊരു കടുത്ത വിമര്‍ശം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ടണല്‍ നിര്‍മിക്കാന്‍ എട്ടു ലക്ഷം ടണ്‍ പാറ പൊടിച്ചു നീക്കണം; 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിക്കേണ്ടിവരും. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരെ തീവ്രത വരുന്ന ഭൂചലനം അതുണ്ടാക്കും. മാത്രമല്ല, ധൂളികള്‍, നാനോ കണങ്ങള്‍ ഇവ അന്തരീക്ഷത്തില്‍ നിറയും. പരീക്ഷണം തുടങ്ങിക്കഴിഞ്ഞാലോ, അതു സൃഷ്ടിക്കുന്ന ഹാഡ്രോണുകള്‍ കിലോമീറ്ററുകളോളം വ്യാപിക്കും.
വിമര്‍ശങ്ങളില്‍ ചിലതൊക്കെ ഗൗരവമുള്ളതാണ്; ഏറെയും ബാലിശവും. ഉദാഹരണത്തിന്, സുതാര്യതയില്ലായ്മ കേന്ദ്രഗവണ്‍മെന്‍റിന്‍െറ പല പ്രവര്‍ത്തനങ്ങളിലുമെന്ന പോലെ ഇവിടെയും പ്രശ്നമാണ്. എന്നാല്‍, ഹാഡ്രോണ്‍ വ്യാപിക്കും എന്നൊക്കെപ്പറഞ്ഞാല്‍ അല്‍പം ഫിസിക്സ് അറിയുന്നവര്‍ ചിരിച്ചു പോവില്ലേ? ഹാഡ്രോണ്‍ എപ്പോഴും നമുക്കു ചുറ്റുമുണ്ട്. ജനിച്ചനാള്‍ തൊട്ട് നാമവ ഏറ്റു ശീലിച്ചതുമാണ്.
ഭൂചലനത്തിന്‍െറ കാര്യമെടുക്കാം. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരുന്ന ഭൂചലനം നാം അറിയാറേയില്ല. ഇനി, മുല്ലപ്പെരിയാര്‍ മേഖലയില്‍ സാധാരണയായി സംഭവിക്കുന്ന മൂന്നു മുതല്‍ 3.5 തീവ്രതയുള്ള ചലനത്തോടൊപ്പം പാറ പൊട്ടിക്കുമ്പോഴുള്ള ചലനം കൂടി സംഭവിച്ചാലോ എന്നാണെങ്കില്‍ - ഓര്‍ക്കുക, റിക്ടര്‍ ഒരു ലോഗരിതമിക സ്കെയില്‍ ആണ്. അവിടെ മൂന്നും മൂന്നും ചേര്‍ന്നാല്‍ ആറ് അല്ല, ആറില്‍ താഴെയാണ്. റിക്ടര്‍ അഞ്ചര കടന്നാലേ പേടി തുടങ്ങേണ്ടതുള്ളൂ; ഏഴു കടന്നാലേ ഗുരുതരമാകൂ.
ധൂളികളും നാനോ കണങ്ങളും(!) പരിഗണിച്ചാല്‍, നമ്മുടെ പാറ പൊട്ടിക്കല്‍-മെറ്റല്‍ നിര്‍മാണ കേന്ദ്രങ്ങളെല്ലാം കൂടി സൃഷ്ടിക്കുന്നതിന്‍െറ ചെറിയൊരംശമേ ടണല്‍ നിര്‍മാണ വേളയില്‍ ഉണ്ടാകൂ.
എന്താണ് ന്യൂട്രിനോ?
പദാര്‍ഥവുമായി ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കണമാണ് ന്യൂട്രിനോ. ഇവക്ക് ന്യൂട്രോണ്‍ പോലുള്ള കണവുമായി പ്രതിപ്രവര്‍ത്തിച്ച് അതിനെ ഒരു പ്രോട്ടോണാക്കി മാറ്റാനും ഒരു ഇലക്ട്രോണിനെ പുറന്തള്ളാനും കഴിയും. പക്ഷേ, അതിന് അവ തമ്മിലുള്ള അകലം ഒരു മില്ലിമീറ്ററിന്‍െറ പത്തു കോടിക്കോടിയില്‍ ഒരംശമോ അതില്‍ കുറവോ ആകണം. ദൂരം അതിലേറെ ആയാല്‍ ബലമേ അനുഭവപ്പെടില്ല. ഇക്കാരണത്താല്‍ എത്ര കനമുള്ള വസ്തുക്കളിലൂടെയും തടസ്സമില്ലാതെ കടന്നുപോകാന്‍ ന്യൂട്രിനോക്ക് കഴിയും. ഭൂമിപോലും അതിന് ഒരു തടസ്സമേ അല്ല.
എവിടെനിന്നു വരുന്നു?
നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് സൂര്യനാണ്. സൂര്യന്‍െറ കാമ്പില്‍ ഓരോ സെക്കന്‍ഡിലും 60 കോടി ടണ്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ വഴി ഹീലിയമായി മാറുന്നതു വഴിയാണല്ലോ നമുക്ക് ചൂടും വെളിച്ചവുമെല്ലാം കിട്ടുന്നത്. നാലു ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ ചേര്‍ന്ന് ഒരു ഹീലിയമായി മാറുന്നതിനുള്ളില്‍ രണ്ടു ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. അതായത്, സൂര്യനില്‍നിന്ന് ഓരോ സെക്കന്‍ഡിലും 2x1038 (2 നു ശേഷം 38 പൂജ്യം ) ന്യൂട്രിനോകള്‍ പുറത്തുവരുന്നു. സൂര്യന്‍െറ ഏഴുലക്ഷം കിലോമീറ്റര്‍ കനമുള്ള ശരീരം തുളച്ചുകടക്കാന്‍ അതിന് ഒരു പ്രയാസവുമില്ല. അതില്‍ ഒരു ചെറിയ അംശം ഭൂമിയിലും എത്തും.
ഇതിനിടെ, വല്ലപ്പോഴും ഒരു പ്രതിപ്രവര്‍ത്തനം നടക്കും. ഒരു ക്ളോറിന്‍ (CL 37) അണുകേന്ദ്രത്തില്‍ പോയിടിച്ചാല്‍ അതിനെ റേഡിയോ ആക്ടിവ് ആര്‍ഗണ്‍ ആക്കി മാറ്റാം. അതിന്‍െറ റേഡിയോ ആക്ടിവിറ്റി അളന്നാല്‍ ന്യൂട്രിനോ ഇടിച്ചെന്ന് സ്ഥിരീകരിക്കാം. ഇതുപോലെ ഗാലിയത്തെ റേഡിയോ ജര്‍മേനിയം ആക്കാം. ഒരു ഇലക്ട്രോണിന് ഊര്‍ജം നല്‍കി ചെറങ്കോവ് വികിരണം (നീലപ്രകാശം) പുറപ്പെടുവിക്കാം. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളെയാണ് ന്യൂട്രിനോ നിരീക്ഷണ നിലയങ്ങള്‍ എന്നു പറയുന്നത്. ഇത്തരം നിലയങ്ങള്‍ ലോകത്തിന്‍െറ നാനാഭാഗത്തുമുണ്ട്. യു.എസിലെ ഡക്കോട്ടയില്‍ 1.5 കി.മീ. ആഴത്തില്‍ ഹോംസ്റ്റേക് ഖനിയിലാണ് ആദ്യനിലയം വന്നത്. പിന്നെ റഷ്യയിലെ കോക്കസ്സസില്‍. ഇറ്റലിയിലെ ഗാലക്സ് (Gallex), കാനഡയിലെ എസ്.എന്‍.ഒ, ഇന്ത്യയിലെ കോലാര്‍ ഖനികള്‍, ജപ്പാനിലെ സൂപ്പര്‍ കമിയോകാണ്ടേ.... എല്ലാം ഖനികളിലോ പര്‍വതത്തിനടിയിലോ സമുദ്രത്തിനടിയിലോ ഒക്കെയാണ്. മറ്റുതരം വികിരണങ്ങള്‍ ശല്യം ചെയ്യാതിരിക്കാനാണിത്.
മറ്റു സ്രോതസ്സുകള്‍
ന്യൂട്രിനോകള്‍ എല്ലാ നക്ഷത്രങ്ങളില്‍നിന്നും വരുന്നുണ്ട്. സൂപ്പര്‍നോവകളില്‍നിന്നും വരുന്നുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ നമുക്കിപ്പോള്‍ ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് 1987ല്‍ കണ്ട സൂപ്പര്‍ നോവ (SN 1987 A) ആണ്.
ഭൂമിയില്‍ വേറെയും ന്യൂട്രിനോ സ്രോതസ്സുകളുണ്ട്. അന്തരീക്ഷത്തില്‍ കോസ്മിക് രശ്മികള്‍ വന്നു പതിക്കുമ്പോള്‍ അത്യധികം ഊര്‍ജമുള്ള ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. മറ്റൊരു വലിയ സ്രോതസ്സ് ആണവനിലയങ്ങളാണ്. ജോലി ചെയ്യുന്നവര്‍ക്ക് മറ്റുതരം വികിരണങ്ങളില്‍നിന്ന് സുരക്ഷക്കായി കവചങ്ങള്‍ ഉണ്ടെങ്കിലും ന്യൂട്രിനോകള്‍ നിര്‍ബാധം കടന്നുപോകും. പക്ഷേ, ഇതുവരെ ഇതുമൂലമുള്ള ഒരു ആരോഗ്യപ്രശ്നവും കണ്ടെത്തിയിട്ടില്ല. ആക്സിലറേറ്ററുകളില്‍ മ്യൂഓണ്‍ ബീമുകള്‍ ത്വരിപ്പിച്ച് വലിയ അളവില്‍ ന്യൂട്രിനോ ബീമുകളെ സൃഷ്ടിക്കാന്‍ കഴിയും. ഇത്തരം സംവിധാനങ്ങളെ ന്യൂട്രിനോ ഫാക്ടറികള്‍ എന്നു വിളിക്കാറുണ്ട്.
നിരീക്ഷണം എന്തിനാണ്?
പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ ന്യൂട്രിനോ പഠനങ്ങള്‍ അതിപ്രധാനമാണ്. ജ്വലിച്ചുതീരാറായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറി (സൂപ്പര്‍നോവകള്‍) തുടക്കം മുതല്‍ നിരീക്ഷിക്കാനോ അപ്പോള്‍ നക്ഷത്രക്കാമ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനോ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം, തുടക്കത്തില്‍, കാമ്പിനെ പൊതിഞ്ഞുള്ള പുറത്തെ അടരുകള്‍ ഉള്ളില്‍നിന്നു വരുന്ന പ്രകാശത്തെ തടയുന്നു. പൊട്ടിത്തെറിയുടെ മൂര്‍ദ്ധന്യത്തിലേ (ഏതാനും ദിവസം കഴിഞ്ഞ്) നാമതിനെ കാണൂ. എന്നാല്‍, 1987ല്‍ ലാര്‍ജ് മഗലനിക് ക്ളൗഡ് എന്ന സമീപ ഗാലക്സിയില്‍ നടന്ന സ്ഫോടനം - (സൂപ്പര്‍നോവ 1987A) തുടക്കത്തിലേ നാം കണ്ടു. കാമ്പില്‍ സ്ഫോടനം തുടങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ന്യൂട്രിനോകള്‍ തടസ്സമില്ലാതെ സഞ്ചരിച്ച് യു.എസിലും ജപ്പാനിലുമുള്ള നിരീക്ഷണ നിലയങ്ങളിലെത്തി സൂചനനല്‍കി. പ്രകാശം (ഗാമാ, ദൃശ്യ, റേഡിയോ വികിരണങ്ങള്‍) എത്തിയത് ഒരാഴ്ച കഴിഞ്ഞായിരുന്നു. ജ്യോതിശാസ്ത്രത്തില്‍ ഇതൊരു വലിയ നേട്ടമായി.
ഇതുപോലെ, സൂര്യന്‍െറ (മറ്റു നക്ഷത്രങ്ങളുടെയും) കാമ്പില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നുവെന്നു നമുക്കിപ്പോഴും അറിയില്ല. ഫ്യൂഷന്‍ വഴി അവിടെ സൃഷ്ടിക്കപ്പെടുന്ന ഗാമാ രശ്മികള്‍ ഏഴു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പുറത്തെത്തുന്നതിനുള്ളില്‍ ദൃശ്യപ്രകാശമായും താപവികിരണമായും ഒക്കെ മാറിയിട്ടുണ്ടാകും. തപ്പിയും തടഞ്ഞും പുറത്തെത്താന്‍ ഒരു ലക്ഷം കൊല്ലം വേണം. അതില്‍നിന്ന് കാമ്പിനെക്കുറിച്ച് ഒരു വിവരവും കിട്ടില്ല. എന്നാല്‍, ന്യൂട്രിനോകള്‍ തടസ്സമില്ലാതെ, എട്ടര മിനിറ്റുകൊണ്ടിവിടെ എത്തും. നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ നേരിട്ടുള്ള വിവരം കിട്ടും. ഇതുപോലെ പ്രപഞ്ചോല്‍പത്തിയുടെ ഘട്ടങ്ങള്‍ ‘കാണാനും’ ഇവ ഉതകിയേക്കും.
നമ്മുടെ കടമ
അതിവേഗം ശാസ്ത്രസാങ്കേതിക രംഗത്ത് മുന്നേറുന്ന, മുന്നേറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷണ രംഗത്തുനിന്ന് മുഖംതിരിച്ചുനില്‍ക്കുക സാധ്യമല്ല. ന്യൂട്രിനോ ഫാക്ടറി സ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഇന്ന് നമുക്കില്ല; അതിന് ഏറെക്കാലവുമെടുക്കും. അത്തരം സൗകര്യങ്ങളുള്ള ഗവേഷണ സ്ഥാപനങ്ങളുമായി (ഉദാ: ഫെര്‍മിലാബ്) സഹകരിക്കുകയേ മാര്‍ഗമുള്ളൂ. ഫെര്‍മിലാബില്‍ ഇപ്പോള്‍ത്തന്നെ ധാരാളം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗവേഷകരായുണ്ട്. അവരും അവിടത്തെ മറ്റു ശാസ്ത്രജ്ഞരുമെല്ലാം സാമ്രാജ്യത്വ കിങ്കരന്മാര്‍ ആണെന്ന് സംശയിക്കുന്നതില്‍ കാര്യമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിനു നല്‍കുന്ന ദുരിതം മനസ്സിലാക്കുമ്പോള്‍ത്തന്നെ സുതാര്യത ഉറപ്പുവരുത്തി ശാസ്ത്രരംഗത്തെ സഹകരണം സ്വീകരിക്കേണ്ടതുണ്ട്.
ന്യൂട്രിനോ ബീമുകളെ ഭൂമിയുടെ മറുഭാഗത്തെത്തിച്ച് അണുബോംബുകളും മറ്റും നശിപ്പിക്കുമെന്ന വാദത്തിനും ഒരു അടിസ്ഥാനവുമില്ല. ഒരു ന്യൂട്രിനോ ഫാക്ടറിക്ക് 1000 കിലോമീറ്ററിലധികം ചുറ്റളവും ഇന്നുള്ളതിന്‍െറ പതിന്മടങ്ങ് ശക്തിയുള്ള കാന്തങ്ങളുമുള്ള ഒരു അതിഭീമന്‍ ത്വരിത്രം വേണ്ടിവരും (സേണിലെ പരീക്ഷണശാലക്കു തന്നെ ചുറ്റളവ് വെറും 27 കി.മീ. ആണ്. എന്നിട്ടുതന്നെ ചെലവ് 1000 കോടി ഡോളര്‍-55000 കോടി രൂപ ആണ്). ഇതിനുള്ള ശേഷി ഇന്ന് ഒരു രാജ്യത്തിനുമില്ല. മാത്രമല്ല, ഭൂമിയിലൂടെ മറുവശത്ത് എത്തുമ്പോഴേക്കും (11000 ലേറെ കി. മീ. സഞ്ചരിച്ച്) ബീം കുറേയധികം പരന്നുപോകും. ബോംബിനെ നശിപ്പിക്കാനോ ആളെ കൊല്ലാനോ ഒന്നും ഒരു ന്യൂട്രിനോ ബീമിനും കഴിയില്ല. ചില യുദ്ധവെറിയന്മാര്‍ അവതരിപ്പിക്കുന്ന മൂഢസ്വപ്നങ്ങള്‍ എന്നതിനപ്പുറം ഇതിനു ഒരു വിലയും കല്‍പിക്കേണ്ടതില്ല.
(ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)
pappootty@gmail.comn
Read More

Saturday 29 September 2012





Read More

Tuesday 18 September 2012

കൊച്ചി : എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍. ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.


എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ഥനകളും...
കടപ്പാട്: മാതൃഭൂമി.
Read More

Friday 14 September 2012

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക. ഷഫീക്ക് എച്ച്. എഴുതുന്നു..



എഡിറ്റോ-റിയല്‍/ഷഫീക്ക് എച്ച്.

ഒരു ജനത കൊല്ലപ്പെടേണ്ടതാണെന്ന് ഭരണകൂടം തന്നെ പ്രഖ്യാപിക്കുക, എന്നിട്ട് അതനുസരിച്ച് അവരെ കൊല്ലുക. അവരെ പിന്താങ്ങുന്നവരെ കല്‍തുറങ്കിലടയ്ക്കുക. നാസി ജര്‍മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും മാത്രം കേട്ടുകേള്‍വിയുള്ള ഇത്തരം കഥകള്‍ ഇന്ത്യയിലും നടമാടുന്നു എന്ന വസ്തുത നമ്മേ കിടിലം കൊള്ളിക്കുന്നു. പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള അടിയന്തരാവസ്ഥയുടെ പേടിപ്പെടുത്തുന്ന നാളുകളിലേയ്ക്കാണോ രാജ്യം സഞ്ചരിക്കുന്നതെന്ന് ഉള്‍കിടിലത്തോടെ ചിന്തിച്ചുപോകും.കൂടംകുളത്തെ ജനതയോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവരെന്താണ് ചെയ്തത്? തങ്ങള്‍ തിങ്ങിപ്പാര്‍ത്ത് ജീവിക്കുന്നതിനിടയില്‍ എന്നും പൊട്ടാവുന്ന ഒരു അപകടത്തെ കുടിയിരുത്താന്‍ അനുവദിക്കാതെ സമരം ചെയ്തതോ? ഇന്ത്യന്‍ ഭരണഘടന തന്നെ നല്‍കുന്ന ‘സുരക്ഷിതമായി, സ്വസ്ഥമായി, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം’ ഈ ജനതയ്ക്ക് ഇല്ലെങ്കില്‍, ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണക്കാരനില്ലെങ്കില്‍, ഈ സുവര്‍ണ ലിപികളിലെ വാക്കുകള്‍ ആരെ സംരക്ഷിക്കാനുള്ളതാണെന്ന് ഇന്ത്യയിലെ ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.
വികസനമെന്ന പേരില്‍ സാധാരണക്കാരന്റെ തോളില്‍ കെട്ടിവെയ്ക്കുന്ന ഏത് ആറ്റംബോംബിനെയും, ഏത് വധശിക്ഷയെയും ശിരസാ വഹിക്കണമെന്നാണോ ഈ ‘ജനാധിപത്യ’ ഭരണകൂടം ആവശ്യപ്പെടുന്നത്? ഞങ്ങളുടെ നെഞ്ചുകീറി പണക്കാര്‍ക്കായി നിങ്ങള്‍ മണിമാളികകളും ഉത്തരാധുനിക പാതകളും ആണവ നിലയങ്ങളും പണിയുമ്പോള്‍ ഞങ്ങള്‍ ഈ സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്‍മാരല്ലെന്നാണോ നിങ്ങളും പ്രഖ്യാപിക്കുന്നത്? ഞങ്ങളുടെ മക്കള്‍ പണക്കാര്‍ക്കായി അര്‍പ്പിക്കപ്പെടേണ്ട ബലിമൃഗങ്ങളാണോ? ഇന്നലെ തൂത്തുക്കുടിയില്‍ പോലീസിന്റെ വെടിയേറ്റ് ഒരു മത്സ്യതൊഴിലാളി അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.
മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത് നിലനില്‍ക്കുന്നത് പെരുംകള്ളങ്ങള്‍ കൊണ്ട് നിര്‍മിച്ച തൂണുകളിന്‍മേലാണ് എന്നതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടുപാടിക്കൊണ്ട് ജനിച്ചുവീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് വാസ്തവത്തില്‍ പാടിയിരുന്നതെന്ന് അനുഭവങ്ങള്‍കൊണ്ട് തെളിയിച്ചതായി ‘സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്പികവും’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഏംഗല്‍സ് വരച്ചിടുന്നുണ്ട്. ഇത് എത്ര സത്യമാണെന്ന് ആണവനിലയങ്ങളുടെ കാര്യത്തില്‍ നമുക്ക് മനസ്സിലാക്കാം.
ലോകത്തെ തന്നെ നടുക്കിയ രണ്ട് ദുരന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. റഷ്യയിലെ ചെര്‍ണോബില്ലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ ഒരു നിമിഷം കൊണ്ട് ഈ ആണവ നിലയങ്ങള്‍ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റി. (ജനസംഖ്യാ കണക്കുകള്‍ ഉദ്ധരിച്ച് ജനങ്ങളാണ് വിഭവചൂഷണം ചെയ്യുന്ന പരിഷകളെന്ന് വിധിയെഴുതുന്ന ഭരണകൂടങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഈ വാര്‍ത്ത സന്തോഷം പകരുമായിരിക്കും.) അതുകൊണ്ടാണ് ആണവനിലയങ്ങള്‍ ഒരോ ദേശവും വഹിക്കുന്ന ആറ്റം ബോംബുകളായിരിക്കുമെന്ന് ഇന്ത്യയുടെ ആണവോര്‍ജത്തിന്റെ പിതാവായ ഹോമി ജെ ഭാഭയെ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത്ര ശാസ്ത്രജ്ഞനായ ഡി.ഡി കൊസാംബി പറഞ്ഞത്.

ഇന്നലെ കൂടംകുളത്തെ ഞങ്ങളുടെ ഒരു കുഞ്ഞടക്കം രണ്ടുപേര്‍ പോലീസിന്റെ വെടിയേറ്റ് അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.



ആണവ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ ‘ജനപ്രിയ’ സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.
ഓരോ ദുരന്തത്തിന് ശേഷവും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച്  കള്ളം പറഞ്ഞുകൊണ്ടേയിരിക്കും. ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ഫുക്കുഷിമയുള്‍പ്പടെയുള്ള ആണവനിലയങ്ങള്‍ വന്നപ്പോള്‍ ഈ രാജ്യങ്ങള്‍ പറഞ്ഞത് ഒരു പഴുതുകളുമില്ലാത്ത സുരക്ഷയോടെയാണ് ഇവ അരങ്ങേറുന്നതെന്നാണ്. അപ്പോഴും പരാജയപ്പെട്ടത് ജനതമാത്രം. നോക്കൂ, ഭോപ്പാല്‍ ഗ്യാസ് ദുരന്തം നമുക്കൊരു പാഠപുസ്തകം തന്നെയായിരുന്നില്ലേ? ആണവദുരന്തമല്ലെങ്കിലും ഈ ദുരന്തം ഉണ്ടായപ്പോള്‍ ആര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത്? യൂണിയന്‍ കാര്‍ബൈഡ് കൈയ്യും തട്ടി പോയപ്പോള്‍ വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തിയ ജനത അമ്പേ പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ആണവനിലയങ്ങളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ?
ഫുക്കുഷിമയടക്കമുള്ള ദുരിതങ്ങള്‍ കണ്ട് ഭയന്ന് വിറച്ച ജര്‍മനിയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവനിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാനുള്ള തിടുക്കത്തിലാണ്. ഒരിക്കലും വിമുക്തമാക്കാനാവാത്ത ആണവ മാലിന്യങ്ങള്‍ ഇന്ത്യയെ പോലെയുള്ള മൂന്നാംലോക രാജ്യങ്ങളുടെ മേല്‍ കെട്ടിവെക്കുന്ന തിടുക്കത്തിലാണ് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍. ഈ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ ‘ജനപ്രിയ’ സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.

‘രാജ്യതാത്പര്യമാണ്’ എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക.
ഒരുമണിക്കൂറുകൊണ്ട് ഒരു ജനതയുടെ തലവര പരിശോധിച്ച് കൂടംകുളം നിലയത്തിന് എന്‍.ഒ.സി നല്‍കാന്‍ ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമും ഉണ്ടായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന ദാരിദ്ര്യത്തിന്റെ അഗ്നിചിറകുകളെ പറ്റി അദ്ദേഹം കഥയെഴുതിയത് ഇന്ത്യന്‍ ഭരണകൂടത്തിനായുള്ള വെടിക്കോപ്പുകള്‍ക്ക് രൂപകല്‍പന നല്‍കിക്കൊണ്ടായിരുന്നു എന്നത് രസാവഹമാണ്. അപ്പോള്‍ അദ്ദേഹം ആരുടെ താത്പര്യമായിരുക്കും ഉയര്‍ത്തിപിടിക്കുക എന്നത് വ്യക്തമാണ്.
കോര്‍പറേറ്റുകളുടെ താത്പര്യമാണ് ഈ ‘ജനാധിപത്യ’ സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രിയം. അതിനായി തങ്ങളുടെ പൗരസമൂഹത്തെ ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്താനും ഇവര്‍ക്ക് യാതൊരുമടിയുമില്ലെന്ന് ഇന്നോളം തെളിയിക്കപ്പെട്ട സത്യമാണ്.
‘രാജ്യതാത്പര്യമാണ്’ എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?
കടപ്പാട്: www.doolnews.com 
ഈ  ലേഖനം തുറന്ന ചര്‍ച്ചക്കുള്ള ഒരു വേദിയാണ്. ഇതിലെ അഭിപ്രായങ്ങളുമായി OISCA യോജിക്കണമെന്നില്ല.
Read More

നമ്മള്‍ തന്നെ അധികാരത്തിലെത്തിച്ച സര്‍ക്കാരുകള്‍ നമ്മുടെ ശിരസ്സില്‍ തന്നെ ഒരാറ്റംബോംബിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ കൂടംകുളത്തും നടക്കുന്നത്. ജനനിബിഢമായ ഒരു സ്ഥലത്ത് മനുഷ്യ ജീവന്റെ ചെറുകണികയെ പോലും മാനിക്കാതെ ഒരു ആണവനിലയം സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. അലി എഴുതുന്നു..



പ്യൂപ്പ/അലി

ഭാരത ഇതിഹാസങ്ങളില്‍ ഭസ്മാസുരന്റെ ഒരു കഥ പണ്ട് വായിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്കറിയുമോ ഭസ്മാസുരനെ കുറിച്ച്? അസുരരെ കുറിച്ചുള്ള ഒരു മോശം ചിത്രീകരണമാണ് കഥ. അസുരന്മാരെ കുറിച്ചാണ് കഥയെങ്കിലും വാസ്തവത്തില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ഭരിക്കുന്നവരാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ കൂട്ടുകാര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. അസുരന്‍ എന്നപദം മാറ്റി അവിടെ അധികാരികള്‍ എന്ന് ചേര്‍ത്താല്‍ കഥയ്ക്ക് യുക്തി ലഭിക്കുന്നതായി കാണാം.  എല്ലാ ഭരണവ്യവസ്ഥകളിലും ഇത്തരം ഭസ്മാസുരന്‍മാരെ നമുക്ക് കാണാന്‍ കഴിയും.
           ഇനി അല്‍പം കഥപറയാം. ഭസ്മാസുരന്‍ ഒരു ശിവ ഭക്തനായിരുന്നു. കഠിന തപം കൊണ്ട് അദ്ദേഹം ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ പ്രത്യക്ഷപ്പെട്ടു. ‘എന്തുവരം വേണം വത്സാ?’ ശിവന്റെ ചോദ്യം. വിചിത്രമായിരുന്നു ഭസ്മാസുരന്റെ ആവശ്യം. ‘ഞാന്‍ തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം.’ അങ്ങനെയാകട്ടെ!! ശിവന്‍ വരവും നല്‍കി. പക്ഷേ ഭസ്മാസുരനുണ്ടോ വിടുന്നു.. അങ്ങ് എന്നെ പറ്റിച്ചാലോ? എനിക്ക് വരമൊന്ന് പരീക്ഷിക്കണം. ശിവന്റെ നെഞ്ചൊന്ന് കാളി. അടുത്തെങ്ങും ആരുമില്ല. അപ്പോള്‍…. പറഞ്ഞു തീര്‍ന്നില്ല ഭസ്മാസുരന്‍ ശിവന്റെ നേരെ കൈനീട്ടി.. ശിവന്‍ സ്ഥലം വിട്ടോടി.. ഭസ്മാസുരന്‍ പിറകെ.അവസാനം എന്തുണ്ടായെന്നോ.. സാക്ഷാല്‍ വിഷ്ണു രംഗത്തിറങ്ങി.. മോഹിനിയുടെ ചമയങ്ങളുമായി.. വശ്യമനോഹരിയായി.. ഭസ്മാസുരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്തുതുടങ്ങി.. ഭസ്മാസുരന്‍ ആ സൗന്ദര്യത്തില്‍ മയങ്ങി. പെട്ടെന്ന് ഭസ്മാസുരനൊരു പൂതി. മോഹിനിയെ കല്യാണം കഴിക്കണം. മോഹിനി വിട്ടുകൊടുക്കുമോ? ഗമയില്‍ ഒരു ഡിമാന്റുവെച്ചു. താന്‍ നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യണം. തെറ്റരുത്. വിജയിച്ചാല്‍ ഭസ്മാസുരനെ വിവാഹം കഴിക്കാം. ‘ശരി’ ഭസ്മാസുരന്‍ സമ്മതിച്ചു.
നൃത്തം തുടങ്ങി.. മോഹിനിയുടെ ചുവടൊപ്പിച്ച് ഭസ്മാസുരനും.. തന്ത്രത്തില്‍ മോഹിനി ഒരു സ്‌റ്റെപ്പ് ചെയ്തു. കരം വളഞ്ഞ് തന്റെ തലയില്‍ തന്നെ തൊടുന്ന ഒരു രംഗം. നൃത്തത്തില്‍ എല്ലാം മറന്ന ഭസ്മാസുരനുണ്ടോ ചതിയറിയുന്നു. അദ്ദേഹവും തൊട്ടു തന്റെ തലയില്‍.. പിന്നത്തെ കഥപറയേണ്ടതുണ്ടോ? 
                       ഇപ്പോള്‍ നമ്മളും ഈ കഥയിലെ ശിവന്റെ ഗതിയിലാണ് എന്നതാണ് അവസ്ഥ. നമ്മള്‍ തന്നെ അധികാരത്തിലെത്തിച്ച സര്‍ക്കാരുകള്‍ നമ്മുടെ ശിരസ്സില്‍ തന്നെ ഒരാറ്റംബോംബിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ കൂടംകുളത്തും നടക്കുന്നത്. ജനനിബിഢമായ ഒരു സ്ഥലത്ത് മനുഷ്യ ജീവന്റെ ചെറുകണികയെ പോലും മാനിക്കാതെ ഒരു ആണവനിലയം സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. കൂട്ടുകാരൊക്കെ ആണവോര്‍ജം എന്താണെന്നും അത് നിര്‍മിക്കുന്നതെങ്ങനെയാണെന്നും അതിന്റെ നല്ല വശവും അപകടവും എന്താണെന്നുമൊക്കെ സ്‌ക്കൂളുകളില്‍ പഠിച്ചിട്ടുണ്ടാകും.
ഭൗമോപരിതലത്തിലെ ആണവ പദാര്‍ത്ഥങ്ങളെ ഉപയോഗിച്ചാണ് ആണവോര്‍ജം നിര്‍മിക്കുന്നത്. യുറേനിയവും തോറിയവുമൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആണവോര്‍ജം രണ്ട് വിധമാണ് നിര്‍മിക്കപ്പെടുന്നത്. അണു വിഘടനത്തിലൂടെയും (Nuclear Fission) അണു സംയോജനത്തിലൂടെയും (Nuclear Fusion). ആറ്റംബോംബില്‍ നടക്കുന്ന പ്രക്രിയ ആണുവിഘടനമാണ്. അതായത് ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിലേയ്ക്ക് ഒരു ന്യൂട്രോണ്‍ കണം കൊണ്ട് ഇടിച്ച് അതിനെ വിഘടിപ്പിക്കുന്നു. അതിലൂടെ ആറ്റത്തിന്റെ ന്യൂക്ലിയസ് കണങ്ങളായി വേര്‍പിരിയുകയും കനത്ത ഊര്‍ജവും ഒപ്പം ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇവ മറ്റ് ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകളെ ഇടിച്ച് തകര്‍ക്കുന്നു. തുടര്‍ന്ന് ഈ പ്രക്രിയ ഒരു വിസ്‌ഫോടനം കണക്കെ ആര്‍ത്തിക്കുന്നു.. ഇതാണ് ചെയിന്‍ റിയാക്ഷന്‍ എന്നു പറയുന്നത്. ഇവയിലൂടെയുണ്ടാകുന്ന ഊര്‍ജം വളരെ ഉയര്‍ന്നതാണ്.
മറ്റൊരു രീതിയാണ് അണു സംയോജനം. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണത്. ഒന്നിലധികം ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകള്‍ ഒന്നിച്ചുചേര്‍ന്ന് മറ്റൊരു ആറ്റമായി മാറുക. ഈ പ്രക്രിയ ഇപ്പോള്‍തന്നെ നമുക്ക് അനുഭവവേദ്യം കൂടിയാണ്. ഭൂമുഖത്തെ എല്ലാ ഊര്‍ജങ്ങളുടെയും സ്രോതസ്സുകൂടിയാണിത്. കാരണം സൂര്യനില്‍ നടക്കുന്ന പ്രക്രിയയും അണു സംയോജനമാണ്. ഹൈഡ്രജന്റെ നാല് കണങ്ങള്‍ ചേര്‍ന്ന് ഹീലിയമായി മാറുന്നപ്രക്രിയ.

അണു വിഘടനം
അപ്പോള്‍ ഈ ഊര്‍ജത്തെ ഉപയോഗിച്ച് വെള്ളം ചൂടാക്കി ടര്‍ബന്‍ കറക്കി അതിനെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണ് കൂടംകുളത്തെ ആണവനിലയത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ എന്തിനാപ്പാ ഇത്രയ്‌ക്കൊക്കെ സമരം ചെയ്യുന്നത് എന്ന് കൂട്ടുകാര്‍ക്ക് തോന്നിയേക്കാം. ഇവിടെയാണ് നമുക്ക് ചിലത് ചിന്തിക്കാനുള്ളത്. ഒന്ന് ലോകത്തെ/ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളില്‍ കേവലം 7 ശതമാനം മാത്രമാണ് അണവോര്‍ജ പദ്ധതികളിലൂടെ പരിഹരിക്കാനാവുന്നത്.  ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഊര്‍ജപ്രതിസന്ധിക്ക് ഇത് ഒരിക്കലും ഒരു പരിഹാരമല്ലെന്നത് വാസ്തവമാണ്.
കൂടാതെ എന്തെല്ലാം അപകടങ്ങളാണ് ഇതിന് പിന്നില്‍ പതുങ്ങിയിരിക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ? ലോകത്ത് എവിടെയൊക്കെ ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് ഇവിടങ്ങളില്‍ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പറയുമ്പോള്‍ എന്തായിരിക്കും ഇത് വരുന്നതിലുള്ള ഭവിഷ്യത്ത് എന്ന് പറയേണ്ടതുണ്ടോ? മറ്റ് അപകടങ്ങള്‍ അത് അവസാനിക്കുന്നതൊടെ അവസാനിക്കുമെങ്കില്‍ ആണവ അപകടങ്ങളുടെ പ്രത്യേകത അത് ചരിത്രകാലങ്ങളോളം നിലനില്‍ക്കുമെന്നതാണ്.

അണു സംയോജനം
മാത്രമല്ല ഇവ പ്രകൃതിക്ക് വരുത്തിവെക്കാവുന്ന കേടുകളെ കുറിച്ച് കൂട്ടുകാര്‍ ഒന്ന് ചിന്തിച്ച് നോക്കൂ. ആണവ മാലിന്യങ്ങള്‍ നമുക്കൊരിക്കലും വിമുക്തമാക്കാനാവാത്തതാണ്. പരിഹരിക്കാന്‍ കഴിയാത്ത ഈ മാലിന്യങ്ങള്‍ നമ്മള്‍ മനുഷ്യരടങ്ങുന്ന പ്രകൃതി എന്നെന്നേക്കുമായി വഹിക്കേണ്ടി വരും. 1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു. പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ കെടുതിയെക്കാളും വലിയ കെടുതിയാണ് ഇവിടങ്ങളിലുണ്ടായതെന്ന് പറയുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഒരുപാടില്ലെ.
ഇനി ഇത് കൂടംകുളത്ത് വന്നാലുള്ള അപകടങ്ങളെന്തെല്ലാമാണെന്ന് കൂട്ടുകാര്‍ക്കറിയണ്ടേ? പ്രധാനമായും ലോകത്ത് ആണവ റിയാക്ടറുകളില്‍ അപകടം ഉണ്ടായിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങളോ മനുഷ്യരുടെ അബദ്ധങ്ങളോ മൂലമാണ്. കൂടം കുളത്തിന്റെ അപകടമെന്തെല്ലാമാണെന്ന് കേരളത്തിലെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കുന്നതൊന്ന്വായിക്കാം അല്ലേ..
‘ഫുക്കുഷിമയില്‍ ഉണ്ടായ ദുരന്തം ഭൂകമ്പവും സുനാമിയും കാരണം ഉണ്ടായതാണ്. അല്ലാതെ സാങ്കേതിക തകരാറല്ല എന്നാണ് ആണവനിലയത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. സത്യത്തില്‍ ഭൂകമ്പംമൂലമുണ്ടായ വൈദ്യുതിത്തകരാറാണ് ഈ ദുരന്തത്തിന് തുടക്കമിട്ടത്. കൂടംകുളത്ത് വൈദ്യുതി തകരാറിലാകാന്‍ ഭൂകമ്പം ഉണ്ടാകണമെന്നുപോലുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘വള്‍ണറബിലിറ്റി അറ്റ്‌ലസ്’ പ്രകാരം കൂടംകുളം മേഖലയില്‍ പെടുന്ന സ്ഥലങ്ങള്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്. അത്യപൂര്‍വമായ അഗ്‌നിപര്‍വതസാധ്യത നിലനില്‍ക്കുന്ന പ്രദേശവുമാണ് കൂടംകുളം.
കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.
‘ഇവിടെനിന്ന് വെറും 130 കിലോമീറ്റര്‍മാത്രം അകലെ മാന്നാര്‍ കടലിടുക്കില്‍ സുഷുപ്താവസ്ഥയിലുള്ള അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നു. കൂടംകുളത്ത് ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ 1998ലും 2001ലും ഭൂമിക്കടിയിലെ പാറകള്‍ ഉരുകിയൊലിക്കുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്. 2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്. പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?
‘കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍     ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നിടത്ത് മഴവെള്ളം ഭൂമി തുരന്ന് കിണര്‍രൂപത്തില്‍ ഭൂമിക്കടിയിലേക്ക് പോകുന്ന പ്രതിഭാസവും സംഭവിച്ചു. ചുരുക്കത്തില്‍ കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.’ (മാതൃഭൂമി, സെപ്റ്റംബര്‍ 10, 2012)
പിന്നെ, ഈ കൂടംകുളം എന്നു പറയുന്നത് കേരളത്തില്‍ നിന്നും അങ്ങ് ദൂരെയൊന്നുമല്ല കേട്ടൊ. നമ്മള്‍ കേരളീയര്‍ക്ക് സന്തോഷത്തോടെ നമ്മുടെ മാളങ്ങളിലൊളിക്കാന്‍ പറ്റില്ല എന്ന് ചുരുക്കം. കാരണം കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള അകലം കേവലം 79 ആകാശമൈല്‍ മാത്രം. കേരള അതിര്‍ത്തിയിലേയ്ക്കാണെങ്കിലോ വെറും 26 കിലോ മീറ്ററും.
ഇനി ചിന്തിച്ചു നോക്കൂ.. ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ നല്ലതൊ എന്ന്. തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത് അല്ലേ.. അപ്പോള്‍ നമുക്ക് ഇനി ചിന്തിക്കേണ്ടത് എങ്ങനെ ഈ ഭസ്മാസുരനെ തളയ്ക്കാം എന്നുമാത്രമാണ്...
കടപ്പാട്: www.doolnews.com
ഈ  ലേഖനം തുറന്ന ചര്‍ച്ചക്കുള്ള ഒരു വേദിയാണ്. ഇതിലെ അഭിപ്രായങ്ങളുമായി OISCA യോജിക്കണമെന്നില്ല.
Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List