Powered by Blogger.

Sunday 9 December 2012


ഗതികേടിന്റെ ആഗോളരാഷ്ട്രീയവും ക്യോട്ടോ ഉടമ്പടിയും


-ജോസഫ് ആന്റണി


ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ വ്യക്തമായ ഒരു നടപടിയുമില്ല. ഭൗമതാപനില ഉയരാതെ നോക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ആകെയുണ്ടായത്, ഈ വര്‍ഷം കാലഹരണപ്പെടേണ്ട ക്യോട്ടോ ഉടമ്പടിക്ക് 2020 വരെ ആയുസ്സ് നീട്ടിക്കൊടുക്കല്‍ മാത്രം. ശരിക്കും, ദോഹയില്‍ കണ്ടത് ഗതികേടിന്റെ രാഷ്ട്രീയമാണ്.

ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാവ്യതിയാനം. അത്തരമൊരു പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സമീപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇനിയും കഴിയുന്നില്ല എന്നതിന് തെളിവായി ദോഹ പ്രഖ്യാപനത്തെ ചരിത്രം വിലയിരുത്തും.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992 ല്‍ ആദ്യ ഭൗമഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭാ ഉടമ്പടിയാണ്, കാലവസ്ഥാവ്യതിയാനം നേരിടാന്‍ ലോകത്തിന് മുന്നിലുള്ള നിയമപരമായ അത്താണി. ആ ഉടമ്പടിയുടെ ബലത്തില്‍ 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ 150 ലേറെ ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ആഗോളതാപനം ചെറുക്കാനുള്ള ഉടമ്പടിക്ക് രൂപം നല്‍കി.

ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 1990 ലെ തോതുവെച്ച് 5.2 ശതമാനം കുറയ്ക്കണമെന്ന് ക്യോട്ടോ പ്രോട്ടോക്കോള്‍ വ്യവസ്ഥ ചെയ്യുന്നു. കരാറില്‍ ഒപ്പിട്ട 55 രാഷ്ട്രങ്ങളെങ്കിലും ക്യോട്ടോ പ്രോട്ടോക്കോള്‍ തങ്ങളുടെ പാര്‍ലമെന്റില്‍ വെച്ച് അംഗീകാരം നേടിയാലേ, ആ ഉടമ്പടിക്ക് നിയമപ്രാബല്യം ലഭിക്കുമായിരുന്നുള്ളൂ.

ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക 1992 ലെ യു.എന്‍.ഉടമ്പടിയോ 1997 ലെ ക്യോട്ടോ പ്രോട്ടോക്കോളോ അംഗീകരിക്കാന്‍ തയ്യാറായില്ല. എങ്കിലും 2005 ഫിബ്രവരി 16 ന് റഷ്യ അംഗീകരിച്ചതോടെ ക്യോട്ടോ ഉടമ്പടി അന്താരാഷ്ട്ര നിയമമായി.

2012 ല്‍ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി കഴിയും. അതുകഴിഞ്ഞാല്‍ എന്തുവേണം എന്നാലോചിക്കാന്‍ പോയ വര്‍ഷങ്ങളില്‍ ഒട്ടേറെ അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും നടന്നു.

അതിനിടെ, കാലാവസ്ഥാമാറ്റം മനുഷ്യനിര്‍മിതമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ കൈമറ്റ് ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലാംറിപ്പോര്‍ട്ട് 2007 ല്‍ പുറത്തുവന്നു. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ആ വര്‍ഷം ഡിസംബറില്‍ നടന്ന ബാലി സമ്മേളനം.

2009 അവസാനമാകുമ്പോഴേക്കും, കോപ്പന്‍ഹേഗനില്‍വെച്ച് പുതിയൊരു കാലാവസ്ഥാ ഉടമ്പടി രൂപപ്പെടുത്തണം എന്ന ധാരണയോടെയാണ് ബാലി സമ്മേളനം അവസാനിച്ചത്. 2009 ഡിസംബറില്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടി. സമഗ്രമായ ഒരു ആഗോളകരാര്‍ ഉണ്ടാക്കണമെന്ന് വീണ്ടും ധാരണ!

2010 നവംബറില്‍ മെക്‌സിക്കോയിലെ ക്യാന്‍കൂണില്‍ കാലവസ്ഥാസമ്മേളനം. 1992 ല്‍ യു.എന്‍.ഉടമ്പടിയില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളുടെ പതിനാറാമത് സമ്മേളനമായിരുന്നു അത്. ലോകത്തെമ്പാടും നിന്ന് 12,000 പേര്‍ പങ്കെടുത്തു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2011 ല്‍ വീണ്ടും സമ്മേളനം.

ഇത്രമാത്രം സമ്മേളനങ്ങളും ചര്‍ച്ചകളും ഒരുക്കങ്ങളും മറ്റേതെങ്കിലും വിഷയത്തില്‍ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. എന്നിട്ടും, പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നാണ് ദോഹ പ്രഖ്യാപനം വ്യക്തമാക്കുന്നത്.

കാലവസ്ഥാ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിദഗ്ധനും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ.എം.കെ.പ്രസാദ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. അടുത്ത കാലാവസ്ഥാ സമ്മേളനത്തിന്റെ 'ഒരുക്കങ്ങള്‍ തീരുമാനിക്കലാണ് ഇപ്പോഴും ചര്‍ച്ചകളുടെ വിഷയം', അദ്ദേഹം എഴുതി (ശാസ്ത്രഗതി, ജൂലായ് 2012).

ആ നിലയ്ക്ക്, ക്യോട്ടോ പ്രോട്ടോക്കോള്‍ 2020 വരെ നീട്ടാനെടുത്ത തീരുമാനം പലര്‍ക്കും ആശ്വാസജനകമായിരിക്കും. പൊല്ലാപ്പ് കുറച്ചുനാളത്തേയ്‌ക്കെങ്കിലും ഒഴിഞ്ഞല്ലോ. എന്നാല്‍, അപ്പോഴും ഭൂമിക്ക് ചൂടുകൂടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും ഏറുകയും ചെയ്യുന്നു.

ദോഹയില്‍ യു.എന്‍. നേതൃത്വത്തില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന വേദിക്ക് വെളിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രകടനം


ക്യോട്ടോ ഉടമ്പടി നീട്ടേണ്ടി വന്ന ഗതികേട് നിലനില്‍ക്കുന്നുവെങ്കിലും, ദോഹ സമ്മേളനത്തില്‍ ചില മുന്നേറ്റങ്ങള്‍ സാധ്യമായെന്ന് വികസ്വരരാഷ്ട്രങ്ങള്‍ക്ക് ആശ്വസിക്കാം. കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പാവപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് സമ്പന്നരാഷ്ട്രങ്ങള്‍ നഷ്ടപരിഹാരം നല്‍കണം എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

2020 ല്‍ പുതിയ കാലാവസ്ഥാ ഉടമ്പടി നിലവില്‍ വരുമ്പോഴേക്കും സമ്പന്നരാഷ്ട്രങ്ങള്‍ 10 ബില്യണ്‍ ഡോളര്‍ (54000 കോടി രൂപ) സ്വരൂപിക്കണമെന്ന്, ദോഹപ്രഖ്യാപനത്തില്‍ പറയുന്നു.

നയതന്ത്രത്തിന്റെ വിജയമെന്നാണ് പുതിയ വ്യവസ്ഥയെ വികസ്വരരാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചത്. മാലിന്യരഹിത ഊര്‍ജോത്പാദന മാര്‍ഗങ്ങളും, കാലാവസ്ഥാ മാറ്റവുമായി സമരസപ്പെടുത്താനുള്ള സാങ്കേതികവിദ്യകളും വികസിപ്പിക്കാനുള്ള സഹായമാണ് ദരിദ്രരാജ്യങ്ങള്‍ക്ക് ഇതുവരെ സമ്പന്ന രാഷ്ട്രങ്ങള്‍ പരിമിതമായ തോതില്‍ ചെയ്തുവന്നത്.

അതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ 'ലോസ് ആന്‍ഡ് ഡാമേജ് സംവിധാനം'. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തയ്യാറാകുന്നത് ആദ്യമായാണ്. 'ഇതൊരു മുന്നേറ്റമാണ്' - 52 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ സൗത്ത് സെന്ററിന്റെ പ്രതിനിധി മാര്‍ട്ടിന്‍ ഖോര്‍ പ്രതികരിച്ചു.

യഥാര്‍ഥത്തില്‍ ദോഹ ചര്‍ച്ചകളില്‍ അനായാസമായി ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടതല്ല. ഈ വ്യവസ്ഥ തടയുമെന്ന കടുംപിടിത്തത്തിലായിരുന്നു അമേരിക്ക. യൂറോപ്യന്‍ യൂണിയനാണെങ്കില്‍ അത് ഏതാണ്ട് വീറ്റോ ചെയ്യുന്ന ഘട്ടംവരെയെത്തി. എങ്കിലും അവസാനവട്ട നയതന്ത്രശ്രമങ്ങള്‍ വിജയം കാണുകയാണുണ്ടായത്.

'പൊള്ളയായ തീരുമാന'മെന്നാണ് ദോഹയില്‍ നിന്നുള്ള ഫലത്തെ പരിസ്ഥിതി സംഘടനകള്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ നിലയ്ക്ക് കാര്‍ബണ്‍ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തുടര്‍ന്നാല്‍, ഭൗമതാപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.

അതേസമയം, ഭൗമതാപനില 1.5 ഡിഗ്രി ഉയരുന്നത് പോലും അപകടമായേക്കാവുന്ന ഒട്ടേറെ ദ്വീപുരാഷ്ട്രങ്ങളുണ്ട്. ഭൗമതാപനില ഉയരുമ്പോള്‍ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ പ്രളയഭീഷണി നേരിടുന്നവയാണ് ദ്വീപുരാഷ്ട്രങ്ങള്‍. അവരുടെ ആശങ്കയകറ്റാന്‍ ഒന്നും ദോഹയില്‍ നിന്നുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഒന്നുമില്ലാത്തതിലും ഭേദം എന്ന നിലയ്ക്ക് ദോഹയിലുണ്ടായ തീരുമാനങ്ങള്‍ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
കടപ്പാട്: മാതൃഭൂമി
Read More

Saturday 27 October 2012

നെല്‍കൃഷി ഇനി ജൈവഷീറ്റുകളില്‍


നെല്‍കൃഷി ഇനി ജൈവ ഷീറ്റുകളില്‍. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിന്റെതാണീ നൂതന സാങ്കേതിക വിദ്യ. കര്‍ഷകര്‍ നേരിടുന്ന നാല് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും വിധമാണ് പുതിയ സാങ്കേതികവിദ്യ ഒരുങ്ങുന്നത്.

കൃഷിക്കാവശ്യമായ വെള്ളമില്ലായ്മ, കളശല്യം, ഞാറ് പറി, നടീല്‍ എന്നിവയെല്ലാം പരിഹരിക്കുന്നതാണ് പുതിയ രീതി. ഇതിന്റെ ആദ്യ പരീക്ഷണ കൃഷി തൃശ്ശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകര പാടശേഖരത്ത് വിജയകരമായി പൂര്‍ത്തിയായിവരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലെ ഡോ. മൂസയുടെ നേതൃത്വത്തിലാണ് 'പരവതാനി കൃഷി' എന്ന പുതിയ കൃഷി രീതി നടത്തി വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഇത്പ്രകാരം കൃഷി ചെയ്ത പാടശേഖരത്ത് ഇപ്പോള്‍ കൊയ്ത്തിന് പാകമായി. ഇതിന് പുറമേ, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 25 സെന്റ് സ്ഥലത്ത് മൂന്ന് പ്ലോട്ടുകളിലും പുതിയ രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. വീട്ടുവളപ്പിലെ പാഴ്‌വസ്തുക്കളായ തെങ്ങോല, കമുങ്ങിന്‍പാള, കുളവാഴ, ആഫ്രിക്കന്‍ പായല്‍, കടലാസ് അടക്കമുള്ള മുഴുവന്‍ പാഴ്‌വസ്തുക്കളും ചാണകവും ഉപയോഗിച്ചാണ് പുതിയ രീതിയിലുള്ള നെല്‍കൃഷിക്കായുള്ള ജൈവഷീറ്റുകള്‍ തയ്യാറാക്കുന്നത്.

ജൈവഷീറ്റുകളില്‍ നിശ്ചിത അകലത്തില്‍ ഉറപ്പിച്ചുവെക്കണം. നടുന്നതിന് മുന്‍പായി പാടം ഉഴുതുമറിച്ച് സജ്ജമാക്കണം. ഇതിനുശേഷം വെള്ളം കുറച്ച് അടിവളം ചേര്‍ത്തശേഷമാണ് ജൈവഷീറ്റുകള്‍ നിരത്തുന്നത്. നാല്പത് മുതല്‍ അന്‍പത് ദിവസത്തിനുള്ളില്‍ ജൈവഷീറ്റുകള്‍ മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും. ജൈവഷീറ്റുകള്‍ ഉപയോഗിച്ചുള്ള പരവതാനി കൃഷി വഴി കളമുളച്ചു വരുന്നതിനും തടസ്സമാകുമെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതുവഴി കൃഷിയിടങ്ങളില്‍ വെള്ളമില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരുകിലോ വിത്തിന് 5,000 ലിറ്റര്‍ വെള്ളമാണ് നേരത്തേ ആവശ്യമായി വന്നിരുന്നത്. പരമ്പരാഗതമായ കൃഷിരീതിക്ക് ഒരേക്കറിന് 2,000 കിലോ ജൈവവളം ഉപയോഗിക്കുന്നത് നെല്‍ച്ചെടി നല്ല ആരോഗ്യത്തോടെ വളരാന്‍ സഹായകരമാകും. പുതിയ രീതിയില്‍ ഒരേക്കര്‍ കൃഷിചെയ്യാന്‍ 1,200 കിലോ ജൈവവളങ്ങള്‍ അടങ്ങിയ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരുമീറ്റര്‍ നീളമുള്ള സ്‌ക്വയര്‍ ഷീറ്റുകള്‍ ഉപയോഗിച്ചാണ് പരീക്ഷണ കൃഷി നടത്തിയത്. ഇത് നീളമുള്ള റോളിങ് ഷീറ്റുകളാക്കി യന്ത്രമുപയോഗിച്ച് വിത്തുകള്‍ പാകുന്ന രീതിയിലാക്കുന്ന ശ്രമം ആരംഭിച്ചുകഴിഞ്ഞു.
സി.കെ. ശശി ചാത്തയില്‍, 9633906049
 ഡോ. മൂസ, 9446256863
Read More

Sunday 30 September 2012

ന്യൂട്രിനോയെ ആര്‍ക്കാണ് പേടി?

ന്യൂട്രിനോപ്പേടി കേരളത്തില്‍ പടരുകയാണ്. പശ്ചിമഘട്ടത്തിന്‍െറ കിഴക്കേ ചരിവില്‍, തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള തേവാരത്തെ പൊട്ടിപ്പുറത്തുനിന്ന് തുടങ്ങി, 2.4 കി.മീ. നീളത്തില്‍ പശ്ചിമഘട്ടത്തിനുള്ളിലേക്ക് ഒരു ടണല്‍ തുരന്ന്, ഉപരിതലത്തില്‍നിന്ന് 1.3 കിലോമീറ്ററോളം താഴെ ഒരു വലിയ ന്യൂട്രിനോ നിരീക്ഷണ നിലയം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് പേടിക്കു കാരണം. അമേരിക്കയിലെ പേരുകേട്ട ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബുമായി സഹകരിച്ചാണ് ഗവേഷണം നടക്കുകയെന്നത് പേടി പ്രബലമാക്കുന്നു.
പ്രതിപക്ഷ നേതാവിന്‍െറ വാര്‍ത്താസമ്മേളനത്തോടെയാണ് ഇതിന്‍െറ തുടക്കം. പേടിപ്പിക്കുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിന്‍െറ അതിരില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാര്യങ്ങള്‍ വേണ്ടത്ര സുതാര്യമല്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രദേശത്തിനു കീഴെ, ഭൂചലനങ്ങള്‍ ഇടക്കിടെ സംഭവിക്കുന്ന മേഖലയില്‍ പാറപൊട്ടിച്ച് ടണല്‍ നിര്‍മിക്കുന്നത് അപകടകരമാണ് എന്നിങ്ങനെ, ആര്‍ക്കും അവഗണിക്കാനാകാത്ത കാര്യങ്ങളേ അദ്ദേഹം പറഞ്ഞുള്ളൂ.
തുടര്‍ന്ന്, മാധ്യമങ്ങളിലൂടെ ചില ‘ശാസ്ത്രജ്ഞര്‍’ ഉന്നയിച്ചത് കടുത്ത ആരോപണങ്ങളാണ്. അമേരിക്കയുമായി സഹകരിച്ചുള്ള പരീക്ഷണങ്ങളായതുകൊണ്ട് ഇതിന്‍െറ ആത്യന്തിക ലക്ഷ്യം യുദ്ധതന്ത്രപരമാണ്. അത്യധികം ഊര്‍ജമുള്ളതും തീവ്ര പ്രതിപ്രവര്‍ത്തനശേഷിയുള്ളതുമായ ന്യൂട്രിനോകളെ സംയോജിപ്പിച്ച് ബീമുകളാക്കി ഭൂമിക്കുള്ളിലൂടെ മറുഭാഗത്തേക്കയച്ച് ശത്രുക്കളുടെ അണുബോംബുകളെ തകര്‍ക്കാനും ഗുഹകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ബിന്‍ലാദിന്മാരെപ്പോലും കൊല്ലാനും ഒക്കെയുള്ള ശേഷി നേടുകയാണ് ലക്ഷ്യം - ഇതൊക്കെയാണ് അവരുടെ ആരോപണങ്ങള്‍.
മറ്റൊരു കടുത്ത വിമര്‍ശം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ടണല്‍ നിര്‍മിക്കാന്‍ എട്ടു ലക്ഷം ടണ്‍ പാറ പൊടിച്ചു നീക്കണം; 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിക്കേണ്ടിവരും. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരെ തീവ്രത വരുന്ന ഭൂചലനം അതുണ്ടാക്കും. മാത്രമല്ല, ധൂളികള്‍, നാനോ കണങ്ങള്‍ ഇവ അന്തരീക്ഷത്തില്‍ നിറയും. പരീക്ഷണം തുടങ്ങിക്കഴിഞ്ഞാലോ, അതു സൃഷ്ടിക്കുന്ന ഹാഡ്രോണുകള്‍ കിലോമീറ്ററുകളോളം വ്യാപിക്കും.
വിമര്‍ശങ്ങളില്‍ ചിലതൊക്കെ ഗൗരവമുള്ളതാണ്; ഏറെയും ബാലിശവും. ഉദാഹരണത്തിന്, സുതാര്യതയില്ലായ്മ കേന്ദ്രഗവണ്‍മെന്‍റിന്‍െറ പല പ്രവര്‍ത്തനങ്ങളിലുമെന്ന പോലെ ഇവിടെയും പ്രശ്നമാണ്. എന്നാല്‍, ഹാഡ്രോണ്‍ വ്യാപിക്കും എന്നൊക്കെപ്പറഞ്ഞാല്‍ അല്‍പം ഫിസിക്സ് അറിയുന്നവര്‍ ചിരിച്ചു പോവില്ലേ? ഹാഡ്രോണ്‍ എപ്പോഴും നമുക്കു ചുറ്റുമുണ്ട്. ജനിച്ചനാള്‍ തൊട്ട് നാമവ ഏറ്റു ശീലിച്ചതുമാണ്.
ഭൂചലനത്തിന്‍െറ കാര്യമെടുക്കാം. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരുന്ന ഭൂചലനം നാം അറിയാറേയില്ല. ഇനി, മുല്ലപ്പെരിയാര്‍ മേഖലയില്‍ സാധാരണയായി സംഭവിക്കുന്ന മൂന്നു മുതല്‍ 3.5 തീവ്രതയുള്ള ചലനത്തോടൊപ്പം പാറ പൊട്ടിക്കുമ്പോഴുള്ള ചലനം കൂടി സംഭവിച്ചാലോ എന്നാണെങ്കില്‍ - ഓര്‍ക്കുക, റിക്ടര്‍ ഒരു ലോഗരിതമിക സ്കെയില്‍ ആണ്. അവിടെ മൂന്നും മൂന്നും ചേര്‍ന്നാല്‍ ആറ് അല്ല, ആറില്‍ താഴെയാണ്. റിക്ടര്‍ അഞ്ചര കടന്നാലേ പേടി തുടങ്ങേണ്ടതുള്ളൂ; ഏഴു കടന്നാലേ ഗുരുതരമാകൂ.
ധൂളികളും നാനോ കണങ്ങളും(!) പരിഗണിച്ചാല്‍, നമ്മുടെ പാറ പൊട്ടിക്കല്‍-മെറ്റല്‍ നിര്‍മാണ കേന്ദ്രങ്ങളെല്ലാം കൂടി സൃഷ്ടിക്കുന്നതിന്‍െറ ചെറിയൊരംശമേ ടണല്‍ നിര്‍മാണ വേളയില്‍ ഉണ്ടാകൂ.
എന്താണ് ന്യൂട്രിനോ?
പദാര്‍ഥവുമായി ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കണമാണ് ന്യൂട്രിനോ. ഇവക്ക് ന്യൂട്രോണ്‍ പോലുള്ള കണവുമായി പ്രതിപ്രവര്‍ത്തിച്ച് അതിനെ ഒരു പ്രോട്ടോണാക്കി മാറ്റാനും ഒരു ഇലക്ട്രോണിനെ പുറന്തള്ളാനും കഴിയും. പക്ഷേ, അതിന് അവ തമ്മിലുള്ള അകലം ഒരു മില്ലിമീറ്ററിന്‍െറ പത്തു കോടിക്കോടിയില്‍ ഒരംശമോ അതില്‍ കുറവോ ആകണം. ദൂരം അതിലേറെ ആയാല്‍ ബലമേ അനുഭവപ്പെടില്ല. ഇക്കാരണത്താല്‍ എത്ര കനമുള്ള വസ്തുക്കളിലൂടെയും തടസ്സമില്ലാതെ കടന്നുപോകാന്‍ ന്യൂട്രിനോക്ക് കഴിയും. ഭൂമിപോലും അതിന് ഒരു തടസ്സമേ അല്ല.
എവിടെനിന്നു വരുന്നു?
നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് സൂര്യനാണ്. സൂര്യന്‍െറ കാമ്പില്‍ ഓരോ സെക്കന്‍ഡിലും 60 കോടി ടണ്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ വഴി ഹീലിയമായി മാറുന്നതു വഴിയാണല്ലോ നമുക്ക് ചൂടും വെളിച്ചവുമെല്ലാം കിട്ടുന്നത്. നാലു ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ ചേര്‍ന്ന് ഒരു ഹീലിയമായി മാറുന്നതിനുള്ളില്‍ രണ്ടു ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. അതായത്, സൂര്യനില്‍നിന്ന് ഓരോ സെക്കന്‍ഡിലും 2x1038 (2 നു ശേഷം 38 പൂജ്യം ) ന്യൂട്രിനോകള്‍ പുറത്തുവരുന്നു. സൂര്യന്‍െറ ഏഴുലക്ഷം കിലോമീറ്റര്‍ കനമുള്ള ശരീരം തുളച്ചുകടക്കാന്‍ അതിന് ഒരു പ്രയാസവുമില്ല. അതില്‍ ഒരു ചെറിയ അംശം ഭൂമിയിലും എത്തും.
ഇതിനിടെ, വല്ലപ്പോഴും ഒരു പ്രതിപ്രവര്‍ത്തനം നടക്കും. ഒരു ക്ളോറിന്‍ (CL 37) അണുകേന്ദ്രത്തില്‍ പോയിടിച്ചാല്‍ അതിനെ റേഡിയോ ആക്ടിവ് ആര്‍ഗണ്‍ ആക്കി മാറ്റാം. അതിന്‍െറ റേഡിയോ ആക്ടിവിറ്റി അളന്നാല്‍ ന്യൂട്രിനോ ഇടിച്ചെന്ന് സ്ഥിരീകരിക്കാം. ഇതുപോലെ ഗാലിയത്തെ റേഡിയോ ജര്‍മേനിയം ആക്കാം. ഒരു ഇലക്ട്രോണിന് ഊര്‍ജം നല്‍കി ചെറങ്കോവ് വികിരണം (നീലപ്രകാശം) പുറപ്പെടുവിക്കാം. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളെയാണ് ന്യൂട്രിനോ നിരീക്ഷണ നിലയങ്ങള്‍ എന്നു പറയുന്നത്. ഇത്തരം നിലയങ്ങള്‍ ലോകത്തിന്‍െറ നാനാഭാഗത്തുമുണ്ട്. യു.എസിലെ ഡക്കോട്ടയില്‍ 1.5 കി.മീ. ആഴത്തില്‍ ഹോംസ്റ്റേക് ഖനിയിലാണ് ആദ്യനിലയം വന്നത്. പിന്നെ റഷ്യയിലെ കോക്കസ്സസില്‍. ഇറ്റലിയിലെ ഗാലക്സ് (Gallex), കാനഡയിലെ എസ്.എന്‍.ഒ, ഇന്ത്യയിലെ കോലാര്‍ ഖനികള്‍, ജപ്പാനിലെ സൂപ്പര്‍ കമിയോകാണ്ടേ.... എല്ലാം ഖനികളിലോ പര്‍വതത്തിനടിയിലോ സമുദ്രത്തിനടിയിലോ ഒക്കെയാണ്. മറ്റുതരം വികിരണങ്ങള്‍ ശല്യം ചെയ്യാതിരിക്കാനാണിത്.
മറ്റു സ്രോതസ്സുകള്‍
ന്യൂട്രിനോകള്‍ എല്ലാ നക്ഷത്രങ്ങളില്‍നിന്നും വരുന്നുണ്ട്. സൂപ്പര്‍നോവകളില്‍നിന്നും വരുന്നുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ നമുക്കിപ്പോള്‍ ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് 1987ല്‍ കണ്ട സൂപ്പര്‍ നോവ (SN 1987 A) ആണ്.
ഭൂമിയില്‍ വേറെയും ന്യൂട്രിനോ സ്രോതസ്സുകളുണ്ട്. അന്തരീക്ഷത്തില്‍ കോസ്മിക് രശ്മികള്‍ വന്നു പതിക്കുമ്പോള്‍ അത്യധികം ഊര്‍ജമുള്ള ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. മറ്റൊരു വലിയ സ്രോതസ്സ് ആണവനിലയങ്ങളാണ്. ജോലി ചെയ്യുന്നവര്‍ക്ക് മറ്റുതരം വികിരണങ്ങളില്‍നിന്ന് സുരക്ഷക്കായി കവചങ്ങള്‍ ഉണ്ടെങ്കിലും ന്യൂട്രിനോകള്‍ നിര്‍ബാധം കടന്നുപോകും. പക്ഷേ, ഇതുവരെ ഇതുമൂലമുള്ള ഒരു ആരോഗ്യപ്രശ്നവും കണ്ടെത്തിയിട്ടില്ല. ആക്സിലറേറ്ററുകളില്‍ മ്യൂഓണ്‍ ബീമുകള്‍ ത്വരിപ്പിച്ച് വലിയ അളവില്‍ ന്യൂട്രിനോ ബീമുകളെ സൃഷ്ടിക്കാന്‍ കഴിയും. ഇത്തരം സംവിധാനങ്ങളെ ന്യൂട്രിനോ ഫാക്ടറികള്‍ എന്നു വിളിക്കാറുണ്ട്.
നിരീക്ഷണം എന്തിനാണ്?
പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ ന്യൂട്രിനോ പഠനങ്ങള്‍ അതിപ്രധാനമാണ്. ജ്വലിച്ചുതീരാറായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറി (സൂപ്പര്‍നോവകള്‍) തുടക്കം മുതല്‍ നിരീക്ഷിക്കാനോ അപ്പോള്‍ നക്ഷത്രക്കാമ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനോ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം, തുടക്കത്തില്‍, കാമ്പിനെ പൊതിഞ്ഞുള്ള പുറത്തെ അടരുകള്‍ ഉള്ളില്‍നിന്നു വരുന്ന പ്രകാശത്തെ തടയുന്നു. പൊട്ടിത്തെറിയുടെ മൂര്‍ദ്ധന്യത്തിലേ (ഏതാനും ദിവസം കഴിഞ്ഞ്) നാമതിനെ കാണൂ. എന്നാല്‍, 1987ല്‍ ലാര്‍ജ് മഗലനിക് ക്ളൗഡ് എന്ന സമീപ ഗാലക്സിയില്‍ നടന്ന സ്ഫോടനം - (സൂപ്പര്‍നോവ 1987A) തുടക്കത്തിലേ നാം കണ്ടു. കാമ്പില്‍ സ്ഫോടനം തുടങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ന്യൂട്രിനോകള്‍ തടസ്സമില്ലാതെ സഞ്ചരിച്ച് യു.എസിലും ജപ്പാനിലുമുള്ള നിരീക്ഷണ നിലയങ്ങളിലെത്തി സൂചനനല്‍കി. പ്രകാശം (ഗാമാ, ദൃശ്യ, റേഡിയോ വികിരണങ്ങള്‍) എത്തിയത് ഒരാഴ്ച കഴിഞ്ഞായിരുന്നു. ജ്യോതിശാസ്ത്രത്തില്‍ ഇതൊരു വലിയ നേട്ടമായി.
ഇതുപോലെ, സൂര്യന്‍െറ (മറ്റു നക്ഷത്രങ്ങളുടെയും) കാമ്പില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നുവെന്നു നമുക്കിപ്പോഴും അറിയില്ല. ഫ്യൂഷന്‍ വഴി അവിടെ സൃഷ്ടിക്കപ്പെടുന്ന ഗാമാ രശ്മികള്‍ ഏഴു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പുറത്തെത്തുന്നതിനുള്ളില്‍ ദൃശ്യപ്രകാശമായും താപവികിരണമായും ഒക്കെ മാറിയിട്ടുണ്ടാകും. തപ്പിയും തടഞ്ഞും പുറത്തെത്താന്‍ ഒരു ലക്ഷം കൊല്ലം വേണം. അതില്‍നിന്ന് കാമ്പിനെക്കുറിച്ച് ഒരു വിവരവും കിട്ടില്ല. എന്നാല്‍, ന്യൂട്രിനോകള്‍ തടസ്സമില്ലാതെ, എട്ടര മിനിറ്റുകൊണ്ടിവിടെ എത്തും. നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ നേരിട്ടുള്ള വിവരം കിട്ടും. ഇതുപോലെ പ്രപഞ്ചോല്‍പത്തിയുടെ ഘട്ടങ്ങള്‍ ‘കാണാനും’ ഇവ ഉതകിയേക്കും.
നമ്മുടെ കടമ
അതിവേഗം ശാസ്ത്രസാങ്കേതിക രംഗത്ത് മുന്നേറുന്ന, മുന്നേറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷണ രംഗത്തുനിന്ന് മുഖംതിരിച്ചുനില്‍ക്കുക സാധ്യമല്ല. ന്യൂട്രിനോ ഫാക്ടറി സ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഇന്ന് നമുക്കില്ല; അതിന് ഏറെക്കാലവുമെടുക്കും. അത്തരം സൗകര്യങ്ങളുള്ള ഗവേഷണ സ്ഥാപനങ്ങളുമായി (ഉദാ: ഫെര്‍മിലാബ്) സഹകരിക്കുകയേ മാര്‍ഗമുള്ളൂ. ഫെര്‍മിലാബില്‍ ഇപ്പോള്‍ത്തന്നെ ധാരാളം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗവേഷകരായുണ്ട്. അവരും അവിടത്തെ മറ്റു ശാസ്ത്രജ്ഞരുമെല്ലാം സാമ്രാജ്യത്വ കിങ്കരന്മാര്‍ ആണെന്ന് സംശയിക്കുന്നതില്‍ കാര്യമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിനു നല്‍കുന്ന ദുരിതം മനസ്സിലാക്കുമ്പോള്‍ത്തന്നെ സുതാര്യത ഉറപ്പുവരുത്തി ശാസ്ത്രരംഗത്തെ സഹകരണം സ്വീകരിക്കേണ്ടതുണ്ട്.
ന്യൂട്രിനോ ബീമുകളെ ഭൂമിയുടെ മറുഭാഗത്തെത്തിച്ച് അണുബോംബുകളും മറ്റും നശിപ്പിക്കുമെന്ന വാദത്തിനും ഒരു അടിസ്ഥാനവുമില്ല. ഒരു ന്യൂട്രിനോ ഫാക്ടറിക്ക് 1000 കിലോമീറ്ററിലധികം ചുറ്റളവും ഇന്നുള്ളതിന്‍െറ പതിന്മടങ്ങ് ശക്തിയുള്ള കാന്തങ്ങളുമുള്ള ഒരു അതിഭീമന്‍ ത്വരിത്രം വേണ്ടിവരും (സേണിലെ പരീക്ഷണശാലക്കു തന്നെ ചുറ്റളവ് വെറും 27 കി.മീ. ആണ്. എന്നിട്ടുതന്നെ ചെലവ് 1000 കോടി ഡോളര്‍-55000 കോടി രൂപ ആണ്). ഇതിനുള്ള ശേഷി ഇന്ന് ഒരു രാജ്യത്തിനുമില്ല. മാത്രമല്ല, ഭൂമിയിലൂടെ മറുവശത്ത് എത്തുമ്പോഴേക്കും (11000 ലേറെ കി. മീ. സഞ്ചരിച്ച്) ബീം കുറേയധികം പരന്നുപോകും. ബോംബിനെ നശിപ്പിക്കാനോ ആളെ കൊല്ലാനോ ഒന്നും ഒരു ന്യൂട്രിനോ ബീമിനും കഴിയില്ല. ചില യുദ്ധവെറിയന്മാര്‍ അവതരിപ്പിക്കുന്ന മൂഢസ്വപ്നങ്ങള്‍ എന്നതിനപ്പുറം ഇതിനു ഒരു വിലയും കല്‍പിക്കേണ്ടതില്ല.
(ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)
pappootty@gmail.comn
Read More

Saturday 29 September 2012





Read More

Tuesday 18 September 2012

കൊച്ചി : എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍. ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.


എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ഥനകളും...
കടപ്പാട്: മാതൃഭൂമി.
Read More

Friday 14 September 2012

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക. ഷഫീക്ക് എച്ച്. എഴുതുന്നു..



എഡിറ്റോ-റിയല്‍/ഷഫീക്ക് എച്ച്.

ഒരു ജനത കൊല്ലപ്പെടേണ്ടതാണെന്ന് ഭരണകൂടം തന്നെ പ്രഖ്യാപിക്കുക, എന്നിട്ട് അതനുസരിച്ച് അവരെ കൊല്ലുക. അവരെ പിന്താങ്ങുന്നവരെ കല്‍തുറങ്കിലടയ്ക്കുക. നാസി ജര്‍മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും മാത്രം കേട്ടുകേള്‍വിയുള്ള ഇത്തരം കഥകള്‍ ഇന്ത്യയിലും നടമാടുന്നു എന്ന വസ്തുത നമ്മേ കിടിലം കൊള്ളിക്കുന്നു. പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള അടിയന്തരാവസ്ഥയുടെ പേടിപ്പെടുത്തുന്ന നാളുകളിലേയ്ക്കാണോ രാജ്യം സഞ്ചരിക്കുന്നതെന്ന് ഉള്‍കിടിലത്തോടെ ചിന്തിച്ചുപോകും.കൂടംകുളത്തെ ജനതയോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവരെന്താണ് ചെയ്തത്? തങ്ങള്‍ തിങ്ങിപ്പാര്‍ത്ത് ജീവിക്കുന്നതിനിടയില്‍ എന്നും പൊട്ടാവുന്ന ഒരു അപകടത്തെ കുടിയിരുത്താന്‍ അനുവദിക്കാതെ സമരം ചെയ്തതോ? ഇന്ത്യന്‍ ഭരണഘടന തന്നെ നല്‍കുന്ന ‘സുരക്ഷിതമായി, സ്വസ്ഥമായി, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം’ ഈ ജനതയ്ക്ക് ഇല്ലെങ്കില്‍, ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണക്കാരനില്ലെങ്കില്‍, ഈ സുവര്‍ണ ലിപികളിലെ വാക്കുകള്‍ ആരെ സംരക്ഷിക്കാനുള്ളതാണെന്ന് ഇന്ത്യയിലെ ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.
വികസനമെന്ന പേരില്‍ സാധാരണക്കാരന്റെ തോളില്‍ കെട്ടിവെയ്ക്കുന്ന ഏത് ആറ്റംബോംബിനെയും, ഏത് വധശിക്ഷയെയും ശിരസാ വഹിക്കണമെന്നാണോ ഈ ‘ജനാധിപത്യ’ ഭരണകൂടം ആവശ്യപ്പെടുന്നത്? ഞങ്ങളുടെ നെഞ്ചുകീറി പണക്കാര്‍ക്കായി നിങ്ങള്‍ മണിമാളികകളും ഉത്തരാധുനിക പാതകളും ആണവ നിലയങ്ങളും പണിയുമ്പോള്‍ ഞങ്ങള്‍ ഈ സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്‍മാരല്ലെന്നാണോ നിങ്ങളും പ്രഖ്യാപിക്കുന്നത്? ഞങ്ങളുടെ മക്കള്‍ പണക്കാര്‍ക്കായി അര്‍പ്പിക്കപ്പെടേണ്ട ബലിമൃഗങ്ങളാണോ? ഇന്നലെ തൂത്തുക്കുടിയില്‍ പോലീസിന്റെ വെടിയേറ്റ് ഒരു മത്സ്യതൊഴിലാളി അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.
മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത് നിലനില്‍ക്കുന്നത് പെരുംകള്ളങ്ങള്‍ കൊണ്ട് നിര്‍മിച്ച തൂണുകളിന്‍മേലാണ് എന്നതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടുപാടിക്കൊണ്ട് ജനിച്ചുവീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് വാസ്തവത്തില്‍ പാടിയിരുന്നതെന്ന് അനുഭവങ്ങള്‍കൊണ്ട് തെളിയിച്ചതായി ‘സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്പികവും’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഏംഗല്‍സ് വരച്ചിടുന്നുണ്ട്. ഇത് എത്ര സത്യമാണെന്ന് ആണവനിലയങ്ങളുടെ കാര്യത്തില്‍ നമുക്ക് മനസ്സിലാക്കാം.
ലോകത്തെ തന്നെ നടുക്കിയ രണ്ട് ദുരന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. റഷ്യയിലെ ചെര്‍ണോബില്ലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ ഒരു നിമിഷം കൊണ്ട് ഈ ആണവ നിലയങ്ങള്‍ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റി. (ജനസംഖ്യാ കണക്കുകള്‍ ഉദ്ധരിച്ച് ജനങ്ങളാണ് വിഭവചൂഷണം ചെയ്യുന്ന പരിഷകളെന്ന് വിധിയെഴുതുന്ന ഭരണകൂടങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഈ വാര്‍ത്ത സന്തോഷം പകരുമായിരിക്കും.) അതുകൊണ്ടാണ് ആണവനിലയങ്ങള്‍ ഒരോ ദേശവും വഹിക്കുന്ന ആറ്റം ബോംബുകളായിരിക്കുമെന്ന് ഇന്ത്യയുടെ ആണവോര്‍ജത്തിന്റെ പിതാവായ ഹോമി ജെ ഭാഭയെ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത്ര ശാസ്ത്രജ്ഞനായ ഡി.ഡി കൊസാംബി പറഞ്ഞത്.

ഇന്നലെ കൂടംകുളത്തെ ഞങ്ങളുടെ ഒരു കുഞ്ഞടക്കം രണ്ടുപേര്‍ പോലീസിന്റെ വെടിയേറ്റ് അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.



ആണവ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ ‘ജനപ്രിയ’ സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.
ഓരോ ദുരന്തത്തിന് ശേഷവും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച്  കള്ളം പറഞ്ഞുകൊണ്ടേയിരിക്കും. ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ഫുക്കുഷിമയുള്‍പ്പടെയുള്ള ആണവനിലയങ്ങള്‍ വന്നപ്പോള്‍ ഈ രാജ്യങ്ങള്‍ പറഞ്ഞത് ഒരു പഴുതുകളുമില്ലാത്ത സുരക്ഷയോടെയാണ് ഇവ അരങ്ങേറുന്നതെന്നാണ്. അപ്പോഴും പരാജയപ്പെട്ടത് ജനതമാത്രം. നോക്കൂ, ഭോപ്പാല്‍ ഗ്യാസ് ദുരന്തം നമുക്കൊരു പാഠപുസ്തകം തന്നെയായിരുന്നില്ലേ? ആണവദുരന്തമല്ലെങ്കിലും ഈ ദുരന്തം ഉണ്ടായപ്പോള്‍ ആര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത്? യൂണിയന്‍ കാര്‍ബൈഡ് കൈയ്യും തട്ടി പോയപ്പോള്‍ വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തിയ ജനത അമ്പേ പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ആണവനിലയങ്ങളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ?
ഫുക്കുഷിമയടക്കമുള്ള ദുരിതങ്ങള്‍ കണ്ട് ഭയന്ന് വിറച്ച ജര്‍മനിയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവനിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാനുള്ള തിടുക്കത്തിലാണ്. ഒരിക്കലും വിമുക്തമാക്കാനാവാത്ത ആണവ മാലിന്യങ്ങള്‍ ഇന്ത്യയെ പോലെയുള്ള മൂന്നാംലോക രാജ്യങ്ങളുടെ മേല്‍ കെട്ടിവെക്കുന്ന തിടുക്കത്തിലാണ് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍. ഈ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ ‘ജനപ്രിയ’ സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.

‘രാജ്യതാത്പര്യമാണ്’ എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക.
ഒരുമണിക്കൂറുകൊണ്ട് ഒരു ജനതയുടെ തലവര പരിശോധിച്ച് കൂടംകുളം നിലയത്തിന് എന്‍.ഒ.സി നല്‍കാന്‍ ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമും ഉണ്ടായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന ദാരിദ്ര്യത്തിന്റെ അഗ്നിചിറകുകളെ പറ്റി അദ്ദേഹം കഥയെഴുതിയത് ഇന്ത്യന്‍ ഭരണകൂടത്തിനായുള്ള വെടിക്കോപ്പുകള്‍ക്ക് രൂപകല്‍പന നല്‍കിക്കൊണ്ടായിരുന്നു എന്നത് രസാവഹമാണ്. അപ്പോള്‍ അദ്ദേഹം ആരുടെ താത്പര്യമായിരുക്കും ഉയര്‍ത്തിപിടിക്കുക എന്നത് വ്യക്തമാണ്.
കോര്‍പറേറ്റുകളുടെ താത്പര്യമാണ് ഈ ‘ജനാധിപത്യ’ സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രിയം. അതിനായി തങ്ങളുടെ പൗരസമൂഹത്തെ ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്താനും ഇവര്‍ക്ക് യാതൊരുമടിയുമില്ലെന്ന് ഇന്നോളം തെളിയിക്കപ്പെട്ട സത്യമാണ്.
‘രാജ്യതാത്പര്യമാണ്’ എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?
കടപ്പാട്: www.doolnews.com 
ഈ  ലേഖനം തുറന്ന ചര്‍ച്ചക്കുള്ള ഒരു വേദിയാണ്. ഇതിലെ അഭിപ്രായങ്ങളുമായി OISCA യോജിക്കണമെന്നില്ല.
Read More

നമ്മള്‍ തന്നെ അധികാരത്തിലെത്തിച്ച സര്‍ക്കാരുകള്‍ നമ്മുടെ ശിരസ്സില്‍ തന്നെ ഒരാറ്റംബോംബിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ കൂടംകുളത്തും നടക്കുന്നത്. ജനനിബിഢമായ ഒരു സ്ഥലത്ത് മനുഷ്യ ജീവന്റെ ചെറുകണികയെ പോലും മാനിക്കാതെ ഒരു ആണവനിലയം സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. അലി എഴുതുന്നു..



പ്യൂപ്പ/അലി

ഭാരത ഇതിഹാസങ്ങളില്‍ ഭസ്മാസുരന്റെ ഒരു കഥ പണ്ട് വായിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്കറിയുമോ ഭസ്മാസുരനെ കുറിച്ച്? അസുരരെ കുറിച്ചുള്ള ഒരു മോശം ചിത്രീകരണമാണ് കഥ. അസുരന്മാരെ കുറിച്ചാണ് കഥയെങ്കിലും വാസ്തവത്തില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ഭരിക്കുന്നവരാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ കൂട്ടുകാര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. അസുരന്‍ എന്നപദം മാറ്റി അവിടെ അധികാരികള്‍ എന്ന് ചേര്‍ത്താല്‍ കഥയ്ക്ക് യുക്തി ലഭിക്കുന്നതായി കാണാം.  എല്ലാ ഭരണവ്യവസ്ഥകളിലും ഇത്തരം ഭസ്മാസുരന്‍മാരെ നമുക്ക് കാണാന്‍ കഴിയും.
           ഇനി അല്‍പം കഥപറയാം. ഭസ്മാസുരന്‍ ഒരു ശിവ ഭക്തനായിരുന്നു. കഠിന തപം കൊണ്ട് അദ്ദേഹം ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ പ്രത്യക്ഷപ്പെട്ടു. ‘എന്തുവരം വേണം വത്സാ?’ ശിവന്റെ ചോദ്യം. വിചിത്രമായിരുന്നു ഭസ്മാസുരന്റെ ആവശ്യം. ‘ഞാന്‍ തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം.’ അങ്ങനെയാകട്ടെ!! ശിവന്‍ വരവും നല്‍കി. പക്ഷേ ഭസ്മാസുരനുണ്ടോ വിടുന്നു.. അങ്ങ് എന്നെ പറ്റിച്ചാലോ? എനിക്ക് വരമൊന്ന് പരീക്ഷിക്കണം. ശിവന്റെ നെഞ്ചൊന്ന് കാളി. അടുത്തെങ്ങും ആരുമില്ല. അപ്പോള്‍…. പറഞ്ഞു തീര്‍ന്നില്ല ഭസ്മാസുരന്‍ ശിവന്റെ നേരെ കൈനീട്ടി.. ശിവന്‍ സ്ഥലം വിട്ടോടി.. ഭസ്മാസുരന്‍ പിറകെ.അവസാനം എന്തുണ്ടായെന്നോ.. സാക്ഷാല്‍ വിഷ്ണു രംഗത്തിറങ്ങി.. മോഹിനിയുടെ ചമയങ്ങളുമായി.. വശ്യമനോഹരിയായി.. ഭസ്മാസുരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്തുതുടങ്ങി.. ഭസ്മാസുരന്‍ ആ സൗന്ദര്യത്തില്‍ മയങ്ങി. പെട്ടെന്ന് ഭസ്മാസുരനൊരു പൂതി. മോഹിനിയെ കല്യാണം കഴിക്കണം. മോഹിനി വിട്ടുകൊടുക്കുമോ? ഗമയില്‍ ഒരു ഡിമാന്റുവെച്ചു. താന്‍ നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യണം. തെറ്റരുത്. വിജയിച്ചാല്‍ ഭസ്മാസുരനെ വിവാഹം കഴിക്കാം. ‘ശരി’ ഭസ്മാസുരന്‍ സമ്മതിച്ചു.
നൃത്തം തുടങ്ങി.. മോഹിനിയുടെ ചുവടൊപ്പിച്ച് ഭസ്മാസുരനും.. തന്ത്രത്തില്‍ മോഹിനി ഒരു സ്‌റ്റെപ്പ് ചെയ്തു. കരം വളഞ്ഞ് തന്റെ തലയില്‍ തന്നെ തൊടുന്ന ഒരു രംഗം. നൃത്തത്തില്‍ എല്ലാം മറന്ന ഭസ്മാസുരനുണ്ടോ ചതിയറിയുന്നു. അദ്ദേഹവും തൊട്ടു തന്റെ തലയില്‍.. പിന്നത്തെ കഥപറയേണ്ടതുണ്ടോ? 
                       ഇപ്പോള്‍ നമ്മളും ഈ കഥയിലെ ശിവന്റെ ഗതിയിലാണ് എന്നതാണ് അവസ്ഥ. നമ്മള്‍ തന്നെ അധികാരത്തിലെത്തിച്ച സര്‍ക്കാരുകള്‍ നമ്മുടെ ശിരസ്സില്‍ തന്നെ ഒരാറ്റംബോംബിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ കൂടംകുളത്തും നടക്കുന്നത്. ജനനിബിഢമായ ഒരു സ്ഥലത്ത് മനുഷ്യ ജീവന്റെ ചെറുകണികയെ പോലും മാനിക്കാതെ ഒരു ആണവനിലയം സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. കൂട്ടുകാരൊക്കെ ആണവോര്‍ജം എന്താണെന്നും അത് നിര്‍മിക്കുന്നതെങ്ങനെയാണെന്നും അതിന്റെ നല്ല വശവും അപകടവും എന്താണെന്നുമൊക്കെ സ്‌ക്കൂളുകളില്‍ പഠിച്ചിട്ടുണ്ടാകും.
ഭൗമോപരിതലത്തിലെ ആണവ പദാര്‍ത്ഥങ്ങളെ ഉപയോഗിച്ചാണ് ആണവോര്‍ജം നിര്‍മിക്കുന്നത്. യുറേനിയവും തോറിയവുമൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആണവോര്‍ജം രണ്ട് വിധമാണ് നിര്‍മിക്കപ്പെടുന്നത്. അണു വിഘടനത്തിലൂടെയും (Nuclear Fission) അണു സംയോജനത്തിലൂടെയും (Nuclear Fusion). ആറ്റംബോംബില്‍ നടക്കുന്ന പ്രക്രിയ ആണുവിഘടനമാണ്. അതായത് ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിലേയ്ക്ക് ഒരു ന്യൂട്രോണ്‍ കണം കൊണ്ട് ഇടിച്ച് അതിനെ വിഘടിപ്പിക്കുന്നു. അതിലൂടെ ആറ്റത്തിന്റെ ന്യൂക്ലിയസ് കണങ്ങളായി വേര്‍പിരിയുകയും കനത്ത ഊര്‍ജവും ഒപ്പം ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇവ മറ്റ് ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകളെ ഇടിച്ച് തകര്‍ക്കുന്നു. തുടര്‍ന്ന് ഈ പ്രക്രിയ ഒരു വിസ്‌ഫോടനം കണക്കെ ആര്‍ത്തിക്കുന്നു.. ഇതാണ് ചെയിന്‍ റിയാക്ഷന്‍ എന്നു പറയുന്നത്. ഇവയിലൂടെയുണ്ടാകുന്ന ഊര്‍ജം വളരെ ഉയര്‍ന്നതാണ്.
മറ്റൊരു രീതിയാണ് അണു സംയോജനം. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണത്. ഒന്നിലധികം ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകള്‍ ഒന്നിച്ചുചേര്‍ന്ന് മറ്റൊരു ആറ്റമായി മാറുക. ഈ പ്രക്രിയ ഇപ്പോള്‍തന്നെ നമുക്ക് അനുഭവവേദ്യം കൂടിയാണ്. ഭൂമുഖത്തെ എല്ലാ ഊര്‍ജങ്ങളുടെയും സ്രോതസ്സുകൂടിയാണിത്. കാരണം സൂര്യനില്‍ നടക്കുന്ന പ്രക്രിയയും അണു സംയോജനമാണ്. ഹൈഡ്രജന്റെ നാല് കണങ്ങള്‍ ചേര്‍ന്ന് ഹീലിയമായി മാറുന്നപ്രക്രിയ.

അണു വിഘടനം
അപ്പോള്‍ ഈ ഊര്‍ജത്തെ ഉപയോഗിച്ച് വെള്ളം ചൂടാക്കി ടര്‍ബന്‍ കറക്കി അതിനെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണ് കൂടംകുളത്തെ ആണവനിലയത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ എന്തിനാപ്പാ ഇത്രയ്‌ക്കൊക്കെ സമരം ചെയ്യുന്നത് എന്ന് കൂട്ടുകാര്‍ക്ക് തോന്നിയേക്കാം. ഇവിടെയാണ് നമുക്ക് ചിലത് ചിന്തിക്കാനുള്ളത്. ഒന്ന് ലോകത്തെ/ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളില്‍ കേവലം 7 ശതമാനം മാത്രമാണ് അണവോര്‍ജ പദ്ധതികളിലൂടെ പരിഹരിക്കാനാവുന്നത്.  ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഊര്‍ജപ്രതിസന്ധിക്ക് ഇത് ഒരിക്കലും ഒരു പരിഹാരമല്ലെന്നത് വാസ്തവമാണ്.
കൂടാതെ എന്തെല്ലാം അപകടങ്ങളാണ് ഇതിന് പിന്നില്‍ പതുങ്ങിയിരിക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ? ലോകത്ത് എവിടെയൊക്കെ ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് ഇവിടങ്ങളില്‍ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പറയുമ്പോള്‍ എന്തായിരിക്കും ഇത് വരുന്നതിലുള്ള ഭവിഷ്യത്ത് എന്ന് പറയേണ്ടതുണ്ടോ? മറ്റ് അപകടങ്ങള്‍ അത് അവസാനിക്കുന്നതൊടെ അവസാനിക്കുമെങ്കില്‍ ആണവ അപകടങ്ങളുടെ പ്രത്യേകത അത് ചരിത്രകാലങ്ങളോളം നിലനില്‍ക്കുമെന്നതാണ്.

അണു സംയോജനം
മാത്രമല്ല ഇവ പ്രകൃതിക്ക് വരുത്തിവെക്കാവുന്ന കേടുകളെ കുറിച്ച് കൂട്ടുകാര്‍ ഒന്ന് ചിന്തിച്ച് നോക്കൂ. ആണവ മാലിന്യങ്ങള്‍ നമുക്കൊരിക്കലും വിമുക്തമാക്കാനാവാത്തതാണ്. പരിഹരിക്കാന്‍ കഴിയാത്ത ഈ മാലിന്യങ്ങള്‍ നമ്മള്‍ മനുഷ്യരടങ്ങുന്ന പ്രകൃതി എന്നെന്നേക്കുമായി വഹിക്കേണ്ടി വരും. 1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു. പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ കെടുതിയെക്കാളും വലിയ കെടുതിയാണ് ഇവിടങ്ങളിലുണ്ടായതെന്ന് പറയുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഒരുപാടില്ലെ.
ഇനി ഇത് കൂടംകുളത്ത് വന്നാലുള്ള അപകടങ്ങളെന്തെല്ലാമാണെന്ന് കൂട്ടുകാര്‍ക്കറിയണ്ടേ? പ്രധാനമായും ലോകത്ത് ആണവ റിയാക്ടറുകളില്‍ അപകടം ഉണ്ടായിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങളോ മനുഷ്യരുടെ അബദ്ധങ്ങളോ മൂലമാണ്. കൂടം കുളത്തിന്റെ അപകടമെന്തെല്ലാമാണെന്ന് കേരളത്തിലെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കുന്നതൊന്ന്വായിക്കാം അല്ലേ..
‘ഫുക്കുഷിമയില്‍ ഉണ്ടായ ദുരന്തം ഭൂകമ്പവും സുനാമിയും കാരണം ഉണ്ടായതാണ്. അല്ലാതെ സാങ്കേതിക തകരാറല്ല എന്നാണ് ആണവനിലയത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. സത്യത്തില്‍ ഭൂകമ്പംമൂലമുണ്ടായ വൈദ്യുതിത്തകരാറാണ് ഈ ദുരന്തത്തിന് തുടക്കമിട്ടത്. കൂടംകുളത്ത് വൈദ്യുതി തകരാറിലാകാന്‍ ഭൂകമ്പം ഉണ്ടാകണമെന്നുപോലുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘വള്‍ണറബിലിറ്റി അറ്റ്‌ലസ്’ പ്രകാരം കൂടംകുളം മേഖലയില്‍ പെടുന്ന സ്ഥലങ്ങള്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്. അത്യപൂര്‍വമായ അഗ്‌നിപര്‍വതസാധ്യത നിലനില്‍ക്കുന്ന പ്രദേശവുമാണ് കൂടംകുളം.
കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.
‘ഇവിടെനിന്ന് വെറും 130 കിലോമീറ്റര്‍മാത്രം അകലെ മാന്നാര്‍ കടലിടുക്കില്‍ സുഷുപ്താവസ്ഥയിലുള്ള അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നു. കൂടംകുളത്ത് ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ 1998ലും 2001ലും ഭൂമിക്കടിയിലെ പാറകള്‍ ഉരുകിയൊലിക്കുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്. 2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്. പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?
‘കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍     ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നിടത്ത് മഴവെള്ളം ഭൂമി തുരന്ന് കിണര്‍രൂപത്തില്‍ ഭൂമിക്കടിയിലേക്ക് പോകുന്ന പ്രതിഭാസവും സംഭവിച്ചു. ചുരുക്കത്തില്‍ കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.’ (മാതൃഭൂമി, സെപ്റ്റംബര്‍ 10, 2012)
പിന്നെ, ഈ കൂടംകുളം എന്നു പറയുന്നത് കേരളത്തില്‍ നിന്നും അങ്ങ് ദൂരെയൊന്നുമല്ല കേട്ടൊ. നമ്മള്‍ കേരളീയര്‍ക്ക് സന്തോഷത്തോടെ നമ്മുടെ മാളങ്ങളിലൊളിക്കാന്‍ പറ്റില്ല എന്ന് ചുരുക്കം. കാരണം കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള അകലം കേവലം 79 ആകാശമൈല്‍ മാത്രം. കേരള അതിര്‍ത്തിയിലേയ്ക്കാണെങ്കിലോ വെറും 26 കിലോ മീറ്ററും.
ഇനി ചിന്തിച്ചു നോക്കൂ.. ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ നല്ലതൊ എന്ന്. തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത് അല്ലേ.. അപ്പോള്‍ നമുക്ക് ഇനി ചിന്തിക്കേണ്ടത് എങ്ങനെ ഈ ഭസ്മാസുരനെ തളയ്ക്കാം എന്നുമാത്രമാണ്...
കടപ്പാട്: www.doolnews.com
ഈ  ലേഖനം തുറന്ന ചര്‍ച്ചക്കുള്ള ഒരു വേദിയാണ്. ഇതിലെ അഭിപ്രായങ്ങളുമായി OISCA യോജിക്കണമെന്നില്ല.
Read More

Sunday 5 August 2012

മറക്കാതിരിക്കാം  ഈ ദിനം.

അറുപത്തേഴു വര്‍ഷത്തിനപ്പുറത്തെ കറുത്തപ്രഭാതത്തിന്റെ ഓര്‍മ്മകളിരമ്പുന്നുണ്ട് ഹിരോഷിമയിലിപ്പോഴും. നാഗസാക്കിയും ചെര്‍ണോബിലും കടന്ന്് ഫുക്കുഷിമ വരെ നീളുന്ന ആണവഭീതിയുടെ നാള്‍വഴികളിലെ ചരിത്രത്തിന് സമാനതകളേറെ. ആ പട്ടികയിലേക്ക് നമ്മുടെ ജയ്താപൂരും ഇടം പിടിക്കുന്ന നാളുകള്‍ അതിവിദൂരമല്ല. 1945 ആഗസ്ത് 6ന് രാവിലെ 8.15 വരെ സാധാരണ നിലയിലായിരുന്നു ഹിരോഷിമ നഗരം. എന്നാല്‍ 8.16ഓടെ ലോക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തെ വിഴുങ്ങി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക മുന്നോട്ടു വെച്ച പോസ്റ്റ് ഡാം കരാറനുസരിച്ച് കീഴടങ്ങാന്‍ ജപ്പാന്‍ തയ്യാറായില്ല.

അതിനെ തുടര്‍ന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ നിര്‍ദ്ദേശ പ്രകാരം "ലിറ്റില്‍ ബോയ്" എന്ന ഓമനപ്പേരില്‍ ഒരു പ്രദേശത്തെയാകെ തച്ചുടച്ച ആറ്റം ബോംബ് ഹിരോഷിമയില്‍ പതിച്ചത്. ബി-29 പരമ്പരയില്‍ പെട്ട "എനാലെ ഗേ" യെന്ന യുദ്ധവിമാനത്തില്‍ നിന്ന് ലഫ്റ്റനന്റ് കേണല്‍ പോള്‍ ഡബ്ലു ടിബെസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ 90,000 മുതല്‍ 1,66,000 വരെ ജനങ്ങള്‍ ഇരയായെന്നാണ് കണക്ക്. ഹിരോഷിമയിലെ തീയണയും മുന്‍പ് അഗസ്ത് 9 ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. "ഫാറ്റ് മാന്‍" എന്നറിയപ്പെട്ട അണുബോംബ് നാഗസാക്കിയെ ദഹിപ്പിച്ചപ്പോള്‍ 60,000 മുതല്‍ 80,000 വരെ മനുഷ്യ ജീവനുകള്‍ പൊഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത മുറിവുപോലെ ആണവദുരന്തത്തിന് ഇരയായി ഇന്നും മരിച്ചു ജീവിക്കുന്നവര്‍ നിരവധി.

അണു ബോംബുകളെപ്പോലെ ആണവവൈദ്യുതി നിലയങ്ങളും മുമ്പെന്നത്തേക്കാളും മനുഷ്യകുലത്തിന് ഭീഷണിയുയര്‍ത്തുന്നു. 1986 ഒക്ടോബര്‍26 നാണ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ചെര്‍ണോബില്‍ ആണവദുരന്തം ഉണ്ടായത്. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലുണ്ടായ ദുരന്തത്തില്‍ 2,00,000ത്തിലധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്്. 2011 മാര്‍ച്ച് 11 ന് ജപ്പാനില്‍ നാശം വിതച്ച സുനാമി തിരമാലകള്‍ ഫുക്കുഷിമ ആണവനിലയത്തെയും തകരാറിലാക്കി. കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവെച്ചില്ലെങ്കിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി. 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്തരീക്ഷത്തില്‍ ഇപ്പോഴും ആണവമാലിന്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വരും തലമുറയെത്തന്നെ ദോഷകരമായി ഇത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരം ചരിത്രദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെയാണ് മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു പോകുന്നത്. 99,000 എം ഡബ്ലു ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ പദ്ധതിയാണിത്. പദ്ധതിക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭം വകവെക്കാതെ ഭൂകമ്പ സാധ്യതയുള്ള സെഡ്-4 കാറ്റഗറിയിലുള്ള പ്രദേശത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മറ്റൊരു ലോക ദുരന്തത്തിന് വഴിവെക്കാനാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലയം പ്രവര്‍ത്തനമാരംഭിച്ചാല്‍ സമുദ്രജലത്തിന്റെ താപനിലയുയരുമെന്നും പഠനങ്ങളുണ്ട്. വികസിത രാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തത്രപ്പെടുന്നത്.
ദേശാഭിമാനി.
Read More
 ഹിരോഷിമ.
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്  ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹാ യുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട്  ശക്തികളില്‍ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റില്‍ ബോയ്‌ ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.



 സംസ്ക്കാരം

മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതിൽ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ പെർഫെക്ച്വൽ ആർട്ട് മ്യൂസിയം , ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആർട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നൽകിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവർ ഫെസ്റ്റിവലും ഹിരോഷിമ ഇന്റർനാഷണൽ ആനിമൽ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങൾ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകർഷിക്കുന്ന ഇടമാണ്. എല്ലാ വർഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികൾ ഇവിടെ നടക്കുന്നു.
 ഗതാഗതം.
ലോകമഹായുദ്ധത്തിൽ തകർന്നു പോയെങ്കിലും പിന്നീട് മികച്ച ഗതാഗത സൌകര്യങ്ങളുള്ള പട്ടണമായി ഹിരോഷിമ മാറി. ഹിരോഡൻ എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയില്‍വേ  ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതു ഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്.
ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 1910 ൽ ആണ് ഹിരോഷിമ വൈദ്യുത റെയിൽവേ നിലവിൽ വന്നത്. ലോകമഹായുദ്ധത്തിൽ തകരാതെ അവശേഷിച്ച നാല് ട്രാമുകളിൽ രണ്ടെണ്ണം 2006 ലും ഹിരോഷിമയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു.


വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ജപ്പാൻ നൽകുന്നുണ്ട്. ഹിരോഷിമയിലും സ്ഥിതി മറിച്ചല്ല. ആറ്റം ബോംബ് വീണ് വെറും നാലു വർഷത്തിനുള്ളിൽ തന്നെ ഒരു സർവ്വകലാശാല സ്ഥാപിക്കാൻ ഹിരോഷിമ അധികൃതർക്ക് കഴിഞ്ഞു. ഹിരോഷിമ യൂണിവേഴ്സിറ്റി 1949 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസത്തെ പുനർനിർമ്മിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹിരോഷിമ സർവ്വകലാശാല സ്ഥാപിച്ചത്. എട്ടു സ്ഥാപനങ്ങൾ ചേർന്നതാണ് ഹിരോഷിമ സർവ്വകലാശാല. ഹിരോഷിമ യൂണിവേഴ്സിറ്റി ഓഫ് ലിറ്ററേച്ചർ ആന്റ് സയൻസ്, ഹിരോഷിമ സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, ഹിരോഷിമ വുമൺസ് സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ഫോർ യൂത്ത്, ഹിരോഷിമ ഹയർ സ്കൂൾ, ഹിരോഷിമ ഹയർ ടെക്നിക്കൽ സ്കൂൾ, ഹിരോഷിമ മുൻസിപ്പൽ ഹയർ ടെക്നിക്കൽ സ്കൂൾ എന്നിവയാണവ. ഹിരോഷിമ പ്രിഫെക്ച്വറൽ മെഡിക്കൽ കോളേജ് കൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു.

Read More

Wednesday 6 June 2012

" ഹരിത സമ്പദ് വ്യവസ്ഥയില്‍ നിങ്ങളും ഉള്‍പ്പെടുന്നില്ലേ?"
വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. 1972 ജൂണ്‍ 5 നാണ് ഐക്യ രാഷ്ട്രസഭ യുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.  40  വര്ഷം പിന്നിട്ടു കഴിയുമ്പോള്‍ നാം എന്ത് നേടി? " ഹരിത സമ്പദ് വ്യവസ്ഥയില്‍ നിങ്ങളും ഉള്‍പ്പെടുന്നില്ലേ?" എന്ന് ആരോ നമ്മോട് ചോദിക്കുന്നു എന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടാണല്ലോ ഈ വര്‍ഷത്തെ സന്ദേശമായി ഈ വാക്യത്തെ നാം തിരഞ്ഞെടുത്തത്.

ഈ സന്ദേശത്തെ അടിസ്ഥാനമാക്കി ഈ വര്ഷം നമുക്കെന്തു ചെയ്യാന്‍ കഴിയും. അഭിപ്രായങ്ങള്‍ പങ്കു വെക്കുക.
Read More

Friday 25 May 2012


വയനാടന്‍ കാടുകളിലെ അപൂര്‍വസസ്യങ്ങള്‍ ഇനിയെത്രനാള്‍

കല്‍പ്പറ്റ: വയനാടന്‍ കാടുകളിലെ 130 അപൂര്‍വസസ്യങ്ങള്‍ വംശനാശ ഭീഷണിയില്‍ . കുറിച്യാര്‍മല, ചന്ദനത്തോട്, ചെമ്പ്രപീക്ക്, ബ്രഹ്മഗിരി മലനിരകള്‍ തുടങ്ങിയ ജൈവമേഖലയിലുള്ള സസ്യങ്ങളാണ് ഇതിലേറെയും. ഇന്ത്യന്‍ റെഡ് ഡാറ്റബുക്കിലും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) പട്ടികയിലും വംശനാശം സംഭവിച്ചേക്കാവുന്ന വയനാടന്‍ സസ്യങ്ങളെ പ്രത്യേകം എടുത്തുപറയുന്നുണ്ട്. നീലഗിരി ജൈവമണ്ഡലത്തില്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വയനാട് സസ്യവൈവിധ്യത്തില്‍ ലോകശ്രദ്ധപിടിച്ചുപറ്റിയ പ്രദേശമാണ്. പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന ഓര്‍ക്കിഡുകളുടെ 60 ശതാനവും ഈ കാടുകളിലുണ്ട്. ഇതില്‍ ലോകത്തില്‍ സൈലന്റ്വാലിയില്‍ മാത്രം കാണുന്നതായി കരുതിപ്പോന്ന ഇപ്സിയ മലബാറിക്കയും ഉള്‍പ്പെടും. ചെമ്പ്രമലയിലെ പുല്‍മേടുകളിലാണ് ഈ ഓര്‍ക്കിഡ് ഉള്ളത്. ഗ്ലിപ്റ്റോപെറ്റാലം ഗ്രാന്‍ഡിഫ്ലോറം, സയനോമിട്ര ട്രവന്‍കോറിക്ക, സയനോമിട്ര ബെഡോമി, സൈസിജിയം സ്റ്റോക്സി, അറ്റൂന ഇന്‍ഡിക്ക തുടങ്ങിയ അപൂര്‍വം മരങ്ങളും വയനാടന്‍ കാടുകളിലുണ്ട്. 

വയനാടന്‍ വനങ്ങളില്‍ 2100ലധികം പുഷ്പിത സസ്യങ്ങളുള്ളതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. സംസ്ഥാനതലത്തില്‍ കണ്ടെത്തിയ 4,054 പുഷ്പിത സസ്യങ്ങളില്‍ പകുതിലധികം വയനാട്ടില്‍ നിന്നുള്ളവയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ ബാധിക്കാത്ത നിത്യഹരിതവനങ്ങളിലാണ് ഇതിലെ 70 ശതമാനവുമുള്ളത്. ലോകത്തില്‍ വയനാടന്‍ കാടുകളില്‍ മാത്രം കാണുന്നതായി ശാസ്ത്രലോകം പുതുതായി തിരിച്ചറിഞ്ഞ മിലിയൂസ വയനാടിക്ക, മിലിയൂസ ഗോഖലെ തുടങ്ങിയ ചെറിയമരങ്ങളും ഒബറോണിയ സ്വാമിനാഥിനി എന്ന കുഞ്ഞന്‍ ഓര്‍ക്കിഡും ഇതില്‍പ്പെടും. ഇവയെല്ലാം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാകുമോയെന്ന ആശങ്കയിലാണ് പരിസ്ഥിതി ശാത്രജ്ഞര്‍ . 

2100 മീറ്റര്‍വരെ ഉയരമുള്ള മലനിരകളാണ് വയനാടിന്റെ പ്രധാന ആകര്‍ഷണം. വനങ്ങള്‍ , കുറ്റിക്കാടുകള്‍ , പാറകള്‍ നിറഞ്ഞ പുല്‍മേടുകള്‍ , ചതുപ്പുകള്‍ , വയലുകള്‍ തുടങ്ങി സമ്മിശ്രമായ ആവാസ വ്യവസ്ഥാഘടനയാണ് വയനാടിന്റേത്. നിത്യഹരിതവനങ്ങള്‍ , അര്‍ധനിത്യഹരിതവനങ്ങള്‍ , ഇലകൊഴിയും ആര്‍ദ്രവനങ്ങള്‍ , ഇലകൊഴിയും വരണ്ടവനങ്ങള്‍ , ചോലവനങ്ങള്‍ , പുല്‍മേടുകള്‍ എന്നിങ്ങനെയും വയനാടിനെ തരം തിരിച്ചിട്ടുണ്ട്. ചെമ്പ്രമല, വെള്ളരിമല, ചന്ദനത്തോട്, ബ്രഹ്മഗിരി മലകള്‍ , കുറിച്യാര്‍മല, ബാണാസുരമല എന്നിവയാണ് ജൈവകലവറയായി നിലനില്‍ക്കുന്നത്. 

അപൂര്‍വസസ്യങ്ങളുടെ വംശനാശത്തിന് പലതരത്തിലുള്ള കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അശാസ്ത്രീയമായ വനപരിപാലനം, വനങ്ങളുടെ തുണ്ടുവല്‍ക്കരണം, വന ചൂഷണം, കാട്ടുതീ, ജലസേചന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ഭീഷണി ടൂറിസം രംഗത്തുനിന്നാണ്. ടൂറിസം വികസനത്തോടനുബന്ധിച്ച് അശാസ്ത്രീമായി ഉയരുന്ന കെട്ടിടങ്ങളും മറ്റ് നിര്‍മാണ പ്രവൃത്തികളും ജൈവമേഖലക്ക് കനത്ത ഭീഷണിയാണ്. ഇതിന് പുറമെ തോട്ടങ്ങളുടെ തുണ്ടുവല്‍ക്കരണവും ഇതിനെതുടര്‍ന്നുണ്ടാവുന്ന മരംമുറികളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മഴ കുറയുന്നതും ചൂട് വര്‍ക്കുന്നതും ജൈവമേഖലയിലെ താളംതെറ്റലുകളുടെ സൂചനയാണ്. 

ജില്ലയിലെ മിക്ക ആവാസവ്യവസ്ഥകളിലും അന്യസസ്യ-ജന്തുജനുസുകള്‍ കടന്നുകൂടുന്നത് ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുമെന്ന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം കെ രതീഷ് നാരായണന്‍ , ഡോ. അനില്‍കുമാര്‍ എന്‍ അനില്‍കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നു. ഒരു പാരിസ്ഥിതിക പ്രശ്നമായി ഈ കടന്നുകയറ്റത്തെ കാണണം. പരസ്പരാശ്രയത്തില്‍ ഇഴചേര്‍ന്നുനില്‍ക്കുന്ന ജീവമണ്ഡലങ്ങളുടെ കണ്ണികള്‍ മുറിയുമ്പോള്‍ ചുരുങ്ങിയ പ്രദേശത്ത്മാത്രം ഒതുങ്ങുന്ന ജനുസുകളെ എന്നേന്നക്കുമായി ഇല്ലാതാക്കിയേക്കുമെന്നാണ് ഇവര്‍ പറയുന്നത്.
(കെ എ അനില്‍കുമാര്‍)
Read More

Tuesday 22 May 2012


പരിസ്ഥിതിക്ക് പുതുജീവന്‍ നല്‍കുക


പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്.
പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം (ജൂണ്‍.5 ) ആചരിച്ചു തുടങ്ങുന്നത്.

ജലലഭ്യ

ജലത്തിനായി 2000 ദശലക്ഷം ജനങ്ങള്‍ മരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ ജലവിഭവങ്ങള്‍ക്കായുള്ള പ്രാധാന്യം ഊന്നിപ്പറയുന്നുവെങ്കിലും ഈ രംഗത്തെ മറ്റു പല പ്രശ്നങ്ങളും തുല്യ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
മനുഷ്യന്‍ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനില്‍പ്പ് അപകടത്തിലായേക്കാം.
ഭൂമിയിലെ ചൂടിന്‍റെ വര്‍ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപയോഗശൂന്യമായ മരുഭൂമികളുടെ വര്‍ദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്.
ഭൂമിയിലെ ചൂട് വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ വര്‍ദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വര്‍ഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.
ഈ വാതകം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്‍റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവര്‍ക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്നു.
കൃഷിഭൂമി നശിക്കുന്നു
ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവര്‍ത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിന് സ്വീകരിച്ച ഊര്‍ജ്ജിത നവീന സമ്പ്രദായങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.
പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണം 
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്‍റെ വിസ്തൃതി കുറഞ്ഞ് വരികയാണ്.
വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വെള്ളത്തിന്‍റെയും വായുവിന്‍റെയും പരിശുദ്ധിയും ലഭ്യതയും നിലനിര്‍ത്തുന്നതിനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു.
ഭൂമിയില്‍ ലഭ്യമായ ജലത്തിന്‍റെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിന്‍റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്‍റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യര്‍ മലിനജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.
ജലമലിനീകരണം, ഖരമാലിന്യത്തിന്‍റെ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍, മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരള്‍ച്ച, പുഴമണ്ണ് ഖനനം, വ്യവസായവല്‍ക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വര്‍ണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

കടപ്പാട്: വെബ്‌ ദുനിയ.
Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Blog Archive

Followers

Definition List