അറുപത്തേഴു വര്‍ഷത്തിനപ്പുറത്തെ കറുത്തപ്രഭാതത്തിന്റെ ഓര്‍മ്മകളിരമ്പുന്നുണ്ട് ഹിരോഷിമയിലിപ്പോഴും. നാഗസാക്കിയും ചെര്‍ണോബിലും കടന്ന്് ഫുക്കുഷിമ വരെ നീളുന്ന ആണവഭീതിയുടെ നാള്‍വഴികളിലെ ചരിത്രത്തിന് സമാനതകളേറെ. ആ പട്ടികയിലേക്ക് നമ്മുടെ ജയ്താപൂരും ഇടം പിടിക്കുന്ന നാളുകള്‍ അതിവിദൂരമല്ല. 1945 ആഗസ്ത് 6ന് രാവിലെ 8.15 വരെ സാധാരണ നിലയിലായിരുന്നു ഹിരോഷിമ നഗരം. എന്നാല്‍ 8.16ഓടെ ലോക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തെ വിഴുങ്ങി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക മുന്നോട്ടു വെച്ച പോസ്റ്റ് ഡാം കരാറനുസരിച്ച് കീഴടങ്ങാന്‍ ജപ്പാന്‍ തയ്യാറായില്ല.
വരും തലമുറയെത്തന്നെ ദോഷകരമായി ഇത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരം ചരിത്രദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെയാണ് മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു പോകുന്നത്. 99,000 എം ഡബ്ലു ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ പദ്ധതിയാണിത്. പദ്ധതിക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭം വകവെക്കാതെ ഭൂകമ്പ സാധ്യതയുള്ള സെഡ്-4 കാറ്റഗറിയിലുള്ള പ്രദേശത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മറ്റൊരു ലോക ദുരന്തത്തിന് വഴിവെക്കാനാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലയം പ്രവര്‍ത്തനമാരംഭിച്ചാല്‍ സമുദ്രജലത്തിന്റെ താപനിലയുയരുമെന്നും പഠനങ്ങളുണ്ട്. വികസിത രാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തത്രപ്പെടുന്നത്.
ദേശാഭിമാനി.