കൃഷിക്കാവശ്യമായ വെള്ളമില്ലായ്മ, കളശല്യം, ഞാറ് പറി, നടീല്‍ എന്നിവയെല്ലാം പരിഹരിക്കുന്നതാണ് പുതിയ രീതി. ഇതിന്റെ ആദ്യ പരീക്ഷണ കൃഷി തൃശ്ശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകര പാടശേഖരത്ത് വിജയകരമായി പൂര്‍ത്തിയായിവരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലെ ഡോ. മൂസയുടെ നേതൃത്വത്തിലാണ് 'പരവതാനി കൃഷി' എന്ന പുതിയ കൃഷി രീതി നടത്തി വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഇത്പ്രകാരം കൃഷി ചെയ്ത പാടശേഖരത്ത് ഇപ്പോള്‍ കൊയ്ത്തിന് പാകമായി. ഇതിന് പുറമേ, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 25 സെന്റ് സ്ഥലത്ത് മൂന്ന് പ്ലോട്ടുകളിലും പുതിയ രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. വീട്ടുവളപ്പിലെ പാഴ്‌വസ്തുക്കളായ തെങ്ങോല, കമുങ്ങിന്‍പാള, കുളവാഴ, ആഫ്രിക്കന്‍ പായല്‍, കടലാസ് അടക്കമുള്ള മുഴുവന്‍ പാഴ്‌വസ്തുക്കളും ചാണകവും ഉപയോഗിച്ചാണ് പുതിയ രീതിയിലുള്ള നെല്‍കൃഷിക്കായുള്ള ജൈവഷീറ്റുകള്‍ തയ്യാറാക്കുന്നത്.
ജൈവഷീറ്റുകളില്‍ നിശ്ചിത അകലത്തില്‍ ഉറപ്പിച്ചുവെക്കണം. നടുന്നതിന് മുന്‍പായി പാടം ഉഴുതുമറിച്ച് സജ്ജമാക്കണം. ഇതിനുശേഷം വെള്ളം കുറച്ച് അടിവളം ചേര്‍ത്തശേഷമാണ് ജൈവഷീറ്റുകള്‍ നിരത്തുന്നത്. നാല്പത് മുതല്‍ അന്‍പത് ദിവസത്തിനുള്ളില്‍ ജൈവഷീറ്റുകള്‍ മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും. ജൈവഷീറ്റുകള്‍ ഉപയോഗിച്ചുള്ള പരവതാനി കൃഷി വഴി കളമുളച്ചു വരുന്നതിനും തടസ്സമാകുമെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതുവഴി കൃഷിയിടങ്ങളില്‍ വെള്ളമില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരുകിലോ വിത്തിന് 5,000 ലിറ്റര്‍ വെള്ളമാണ് നേരത്തേ ആവശ്യമായി വന്നിരുന്നത്. പരമ്പരാഗതമായ കൃഷിരീതിക്ക് ഒരേക്കറിന് 2,000 കിലോ ജൈവവളം ഉപയോഗിക്കുന്നത് നെല്‍ച്ചെടി നല്ല ആരോഗ്യത്തോടെ വളരാന്‍ സഹായകരമാകും. പുതിയ രീതിയില്‍ ഒരേക്കര്‍ കൃഷിചെയ്യാന്‍ 1,200 കിലോ ജൈവവളങ്ങള്‍ അടങ്ങിയ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരുമീറ്റര്‍ നീളമുള്ള സ്‌ക്വയര്‍ ഷീറ്റുകള്‍ ഉപയോഗിച്ചാണ് പരീക്ഷണ കൃഷി നടത്തിയത്. ഇത് നീളമുള്ള റോളിങ് ഷീറ്റുകളാക്കി യന്ത്രമുപയോഗിച്ച് വിത്തുകള്‍ പാകുന്ന രീതിയിലാക്കുന്ന ശ്രമം ആരംഭിച്ചുകഴിഞ്ഞു.
സി.കെ. ശശി ചാത്തയില്‍, 9633906049
ഡോ. മൂസ, 9446256863