ഗതികേടിന്റെ ആഗോളരാഷ്ട്രീയവും ക്യോട്ടോ ഉടമ്പടിയും
-ജോസഫ് ആന്റണി
ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ വ്യക്തമായ ഒരു നടപടിയുമില്ല. ഭൗമതാപനില ഉയരാതെ നോക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ആകെയുണ്ടായത്, ഈ വര്‍ഷം കാലഹരണപ്പെടേണ്ട ക്യോട്ടോ ഉടമ്പടിക്ക് 2020 വരെ ആയുസ്സ് നീട്ടിക്കൊടുക്കല്‍ മാത്രം. ശരിക്കും, ദോഹയില്‍ കണ്ടത് ഗതികേടിന്റെ രാഷ്ട്രീയമാണ്.
ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാവ്യതിയാനം. അത്തരമൊരു പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സമീപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇനിയും കഴിയുന്നില്ല എന്നതിന് തെളിവായി ദോഹ പ്രഖ്യാപനത്തെ ചരിത്രം വിലയിരുത്തും.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992 ല്‍ ആദ്യ ഭൗമഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭാ ഉടമ്പടിയാണ്, കാലവസ്ഥാവ്യതിയാനം നേരിടാന്‍ ലോകത്തിന് മുന്നിലുള്ള നിയമപരമായ അത്താണി. ആ ഉടമ്പടിയുടെ ബലത്തില്‍ 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ 150 ലേറെ ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ആഗോളതാപനം ചെറുക്കാനുള്ള ഉടമ്പടിക്ക് രൂപം നല്‍കി.
ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 1990 ലെ തോതുവെച്ച് 5.2 ശതമാനം കുറയ്ക്കണമെന്ന് ക്യോട്ടോ പ്രോട്ടോക്കോള്‍ വ്യവസ്ഥ ചെയ്യുന്നു. കരാറില്‍ ഒപ്പിട്ട 55 രാഷ്ട്രങ്ങളെങ്കിലും ക്യോട്ടോ പ്രോട്ടോക്കോള്‍ തങ്ങളുടെ പാര്‍ലമെന്റില്‍ വെച്ച് അംഗീകാരം നേടിയാലേ, ആ ഉടമ്പടിക്ക് നിയമപ്രാബല്യം ലഭിക്കുമായിരുന്നുള്ളൂ.
ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക 1992 ലെ യു.എന്‍.ഉടമ്പടിയോ 1997 ലെ ക്യോട്ടോ പ്രോട്ടോക്കോളോ അംഗീകരിക്കാന്‍ തയ്യാറായില്ല. എങ്കിലും 2005 ഫിബ്രവരി 16 ന് റഷ്യ അംഗീകരിച്ചതോടെ ക്യോട്ടോ ഉടമ്പടി അന്താരാഷ്ട്ര നിയമമായി.
2012 ല്‍ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി കഴിയും. അതുകഴിഞ്ഞാല്‍ എന്തുവേണം എന്നാലോചിക്കാന്‍ പോയ വര്‍ഷങ്ങളില്‍ ഒട്ടേറെ അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും നടന്നു.
അതിനിടെ, കാലാവസ്ഥാമാറ്റം മനുഷ്യനിര്‍മിതമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ കൈമറ്റ് ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലാംറിപ്പോര്‍ട്ട് 2007 ല്‍ പുറത്തുവന്നു. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ആ വര്‍ഷം ഡിസംബറില്‍ നടന്ന ബാലി സമ്മേളനം.
2009 അവസാനമാകുമ്പോഴേക്കും, കോപ്പന്‍ഹേഗനില്‍വെച്ച് പുതിയൊരു കാലാവസ്ഥാ ഉടമ്പടി രൂപപ്പെടുത്തണം എന്ന ധാരണയോടെയാണ് ബാലി സമ്മേളനം അവസാനിച്ചത്. 2009 ഡിസംബറില്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടി. സമഗ്രമായ ഒരു ആഗോളകരാര്‍ ഉണ്ടാക്കണമെന്ന് വീണ്ടും ധാരണ!
2010 നവംബറില്‍ മെക്‌സിക്കോയിലെ ക്യാന്‍കൂണില്‍ കാലവസ്ഥാസമ്മേളനം. 1992 ല്‍ യു.എന്‍.ഉടമ്പടിയില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളുടെ പതിനാറാമത് സമ്മേളനമായിരുന്നു അത്. ലോകത്തെമ്പാടും നിന്ന് 12,000 പേര്‍ പങ്കെടുത്തു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2011 ല്‍ വീണ്ടും സമ്മേളനം.
ഇത്രമാത്രം സമ്മേളനങ്ങളും ചര്‍ച്ചകളും ഒരുക്കങ്ങളും മറ്റേതെങ്കിലും വിഷയത്തില്‍ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. എന്നിട്ടും, പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നാണ് ദോഹ പ്രഖ്യാപനം വ്യക്തമാക്കുന്നത്.
കാലവസ്ഥാ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിദഗ്ധനും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ.എം.കെ.പ്രസാദ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. അടുത്ത കാലാവസ്ഥാ സമ്മേളനത്തിന്റെ 'ഒരുക്കങ്ങള്‍ തീരുമാനിക്കലാണ് ഇപ്പോഴും ചര്‍ച്ചകളുടെ വിഷയം', അദ്ദേഹം എഴുതി (ശാസ്ത്രഗതി, ജൂലായ് 2012).
ആ നിലയ്ക്ക്, ക്യോട്ടോ പ്രോട്ടോക്കോള്‍ 2020 വരെ നീട്ടാനെടുത്ത തീരുമാനം പലര്‍ക്കും ആശ്വാസജനകമായിരിക്കും. പൊല്ലാപ്പ് കുറച്ചുനാളത്തേയ്‌ക്കെങ്കിലും ഒഴിഞ്ഞല്ലോ. എന്നാല്‍, അപ്പോഴും ഭൂമിക്ക് ചൂടുകൂടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും ഏറുകയും ചെയ്യുന്നു.
ദോഹയില്‍ യു.എന്‍. നേതൃത്വത്തില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന വേദിക്ക് വെളിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രകടനം |
ക്യോട്ടോ ഉടമ്പടി നീട്ടേണ്ടി വന്ന ഗതികേട് നിലനില്‍ക്കുന്നുവെങ്കിലും, ദോഹ സമ്മേളനത്തില്‍ ചില മുന്നേറ്റങ്ങള്‍ സാധ്യമായെന്ന് വികസ്വരരാഷ്ട്രങ്ങള്‍ക്ക് ആശ്വസിക്കാം. കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പാവപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് സമ്പന്നരാഷ്ട്രങ്ങള്‍ നഷ്ടപരിഹാരം നല്‍കണം എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
2020 ല്‍ പുതിയ കാലാവസ്ഥാ ഉടമ്പടി നിലവില്‍ വരുമ്പോഴേക്കും സമ്പന്നരാഷ്ട്രങ്ങള്‍ 10 ബില്യണ്‍ ഡോളര്‍ (54000 കോടി രൂപ) സ്വരൂപിക്കണമെന്ന്, ദോഹപ്രഖ്യാപനത്തില്‍ പറയുന്നു.
നയതന്ത്രത്തിന്റെ വിജയമെന്നാണ് പുതിയ വ്യവസ്ഥയെ വികസ്വരരാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചത്. മാലിന്യരഹിത ഊര്‍ജോത്പാദന മാര്‍ഗങ്ങളും, കാലാവസ്ഥാ മാറ്റവുമായി സമരസപ്പെടുത്താനുള്ള സാങ്കേതികവിദ്യകളും വികസിപ്പിക്കാനുള്ള സഹായമാണ് ദരിദ്രരാജ്യങ്ങള്‍ക്ക് ഇതുവരെ സമ്പന്ന രാഷ്ട്രങ്ങള്‍ പരിമിതമായ തോതില്‍ ചെയ്തുവന്നത്.
അതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ 'ലോസ് ആന്‍ഡ് ഡാമേജ് സംവിധാനം'. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തയ്യാറാകുന്നത് ആദ്യമായാണ്. 'ഇതൊരു മുന്നേറ്റമാണ്' - 52 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ സൗത്ത് സെന്ററിന്റെ പ്രതിനിധി മാര്‍ട്ടിന്‍ ഖോര്‍ പ്രതികരിച്ചു.
യഥാര്‍ഥത്തില്‍ ദോഹ ചര്‍ച്ചകളില്‍ അനായാസമായി ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടതല്ല. ഈ വ്യവസ്ഥ തടയുമെന്ന കടുംപിടിത്തത്തിലായിരുന്നു അമേരിക്ക. യൂറോപ്യന്‍ യൂണിയനാണെങ്കില്‍ അത് ഏതാണ്ട് വീറ്റോ ചെയ്യുന്ന ഘട്ടംവരെയെത്തി. എങ്കിലും അവസാനവട്ട നയതന്ത്രശ്രമങ്ങള്‍ വിജയം കാണുകയാണുണ്ടായത്.
'പൊള്ളയായ തീരുമാന'മെന്നാണ് ദോഹയില്‍ നിന്നുള്ള ഫലത്തെ പരിസ്ഥിതി സംഘടനകള്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ നിലയ്ക്ക് കാര്‍ബണ്‍ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തുടര്‍ന്നാല്‍, ഭൗമതാപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.
അതേസമയം, ഭൗമതാപനില 1.5 ഡിഗ്രി ഉയരുന്നത് പോലും അപകടമായേക്കാവുന്ന ഒട്ടേറെ ദ്വീപുരാഷ്ട്രങ്ങളുണ്ട്. ഭൗമതാപനില ഉയരുമ്പോള്‍ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ പ്രളയഭീഷണി നേരിടുന്നവയാണ് ദ്വീപുരാഷ്ട്രങ്ങള്‍. അവരുടെ ആശങ്കയകറ്റാന്‍ ഒന്നും ദോഹയില്‍ നിന്നുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഒന്നുമില്ലാത്തതിലും ഭേദം എന്ന നിലയ്ക്ക് ദോഹയിലുണ്ടായ തീരുമാനങ്ങള്‍ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
കടപ്പാട്: മാതൃഭൂമി