Powered by Blogger.

Tuesday, 18 September 2012

Unknown / /
കൊച്ചി : എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍. ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.


എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ഥനകളും...
കടപ്പാട്: മാതൃഭൂമി.

Unknown


THANKS.
Follow me @Bloggertheme9

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List